ദുബായ്: നവീകരിച്ച സ്മാർട്ട് ഗേറ്റ് സംവിധാനത്തിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് വെറും 3.4 സെക്കൻഡിൽ ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കാൻ സൗകര്യമൊരുക്കി ദുബായ് വിമാനത്താവളം. പതിനൊന്ന് വർഷത്തിലേറെ മുമ്പ് ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പങ്കുവെച്ച ദീർഘവീക്ഷണമാണ് ഇതോടെ ദൈനംദിന യാത്രയുടെ ഭാഗമായത്.
യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ സംയോജിപ്പിച്ച് ഉപയോഗിക്കുന്ന സംവിധാനമാണ് പരിശോധന അതിവേഗത്തിലാക്കുന്നത്. വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനുള്ള സമയവും നടപടിക്രമങ്ങളിലെ ഘട്ടങ്ങളും കുറയുന്നതോടെ കാത്തിരിപ്പ് ഒഴിവാക്കി യാത്ര കൂടുതൽ സുഗമമാക്കാനാകും.പാസ്പോർട്ട് പരിശോധനയുടെ സമയം കുറയ്ക്കുന്നതിനൊപ്പം വിമാനത്താവളത്തിലെത്തുന്നതുമുതൽ വിമാനത്തിൽ കയറുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളും എളുപ്പമാക്കുകയാണ് ലക്ഷ്യമെന്ന് അൽ മർറി വ്യക്തമാക്കി. വിവിധ സേവനകേന്ദ്രങ്ങളിൽ കാത്തുനിൽക്കാതെ യാത്രക്കാർക്ക് മുന്നോട്ടുപോകാൻ കഴിയണം.
എയർലൈൻ ചെക്ക് ഇൻ സമയത്ത് ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതോടെയാണ് ഈ യാത്രാക്രമം ആരംഭിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ഈ വിവരങ്ങളുടെ സഹായത്തോടെ സ്മാർട്ട് ഗേറ്റുകളിലൂടെ ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കി ബിസിനസ് ലോഞ്ചിലേക്കും ബോർഡിങ് ഗേറ്റിലേക്കും നീങ്ങാം. സ്മാർട്ട് സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്തവർക്ക് നടപടികൾ കൂടുതൽ എളുപ്പത്തിൽ പൂർത്തിയാക്കാനാകും.
വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യാനും വിമാനത്താവളത്തിലെ വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും നവീകരണം സഹായിക്കുന്നു. തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും തിരക്ക് നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. സംവിധാനങ്ങൾ കൂടുതൽ സൗകര്യപ്രദവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാക്കാനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്.
സ്മാർട്ട് സേവനങ്ങൾ യു.എ.ഇയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും അതിർത്തി പ്രവേശനകേന്ദ്രങ്ങളിലേക്കും വ്യാപിക്കണമെന്ന് അൽ മർറി പറഞ്ഞു. ഇത് സേവനങ്ങളുടെ ഏകോപനവും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തി രാജ്യത്തുടനീളം യാത്ര കൂടുതൽ എളുപ്പമാക്കും.വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിനൊപ്പം, യാത്രയുടെ ഓരോ ഘട്ടവും എത്ര കാര്യക്ഷമമാക്കുന്നു എന്നതും വിമാനത്താവളത്തിന്റെ വിജയത്തിന്റെ അളവുകോലാണ്. അനാവശ്യ കാത്തിരിപ്പ് ഒഴിവാക്കി യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള ദുബായിയുടെ ശ്രമത്തിലെ ശ്രദ്ധേയ മുന്നേറ്റമാണ് 3.4 സെക്കൻഡിലെ ഇമിഗ്രേഷൻ പരിശോധന.










