120-ലധികം രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.


അബുദാബി, യു.എ.ഇ — 46-ാമത് ഇന്റർനാഷണൽ കമ്മിറ്റി ഓഫ് മിലിട്ടറി മെഡിസിൻ (ഐ.സി.എം.എം) വേൾഡ് കോൺഗ്രസിന് അബുദാബിയിൽ തുടക്കമായി. പ്രസിഡൻഷ്യൽ കോർട്ട് ഡെവലപ്മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാനും എർത്ത് സായിദ് ഫിലാന്ത്രോപീസ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.


പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ഫാദൽ അൽ മസ്റൂയി, പ്രതിരോധ മന്ത്രാലയ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ സ്റ്റാഫ് ഇബ്രാഹിം നാസർ അൽ അലവി എന്നിവർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുതിർന്ന സൈനിക-ആരോഗ്യ മേധാവികളും വിദഗ്ധരും ഗവേഷകരും ചടങ്ങിൽ സംബന്ധിച്ചു.


ഐ.സി.എം.എമ്മിന്റെ മേൽനോട്ടത്തിൽ യു.എ.ഇ പ്രതിരോധ മന്ത്രാലയവും അഡ്നെക് (ADNEC) ഗ്രൂപ്പും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ‘റെഡി വെൻ നീഡഡ്, റെസിലിയന്റ് വെൻ ടെസ്റ്റഡ്’ (Ready When Needed. Resilient When Tested) എന്ന പ്രമേയത്തിൽ അഡ്നെക് സെന്റർ അബുദാബിയിൽ നടക്കുന്ന സമ്മേളനം നവംബർ 13-ന് സമാപിക്കും. ആദ്യമായാണ് യു.എ.ഇ ഈ ആഗോള സമ്മേളനത്തിന് വേദിയാകുന്നത്.


120-ലധികം രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലേറെ പ്രതിനിധികളും മുന്നൂറോളം പ്രഭാഷകരും കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്. നാൽപ്പതിലധികം മെഡിക്കൽ, ആരോഗ്യ വിഭാഗങ്ങളിലായി എഴുന്നൂറിലേറെ ശാസ്ത്രീയ പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. സൈനിക-പൊതു ആരോഗ്യ മേഖലകളിലെ നൂതന സാങ്കേതികവിദ്യകളും ചികിത്സാ രീതികളും പങ്കുവെക്കുന്നതിനുള്ള വേദിയാണിത്.


ദുരന്തനിവാരണവും അടിയന്തര സാഹചര്യങ്ങളിലെ വൈദ്യസഹായവും മെച്ചപ്പെടുത്തുക, സൈനിക വൈദ്യശാസ്ത്രത്തിൽ നിർമിതബുദ്ധിയുടെയും (AI) ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും ഉപയോഗം, സൈനിക-സിവിൽ ആരോഗ്യ സംവിധാനങ്ങളുടെ സംയോജനം, മാനസികാരോഗ്യവും പുനരധിവാസവും, അടിയന്തര മെഡിക്കൽ ഒഴിപ്പിക്കൽ, മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണ ശൃംഖല തുടങ്ങിയ വിഷയങ്ങളിലാണ് ശാസ്ത്രീയ സെഷനുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രദർശനത്തിൽ ദേശീയ-അന്തർദേശീയ സ്ഥാപനങ്ങളും കമ്പനികളും തങ്ങളുടെ ഏറ്റവും പുതിയ ആരോഗ്യ-പ്രതിരോധ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നുണ്ട്. ആഗോള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും ബഹുമുഖ സഹകരണം ഉറപ്പാക്കുന്നതിലും യു.എ.ഇ വഹിക്കുന്ന പങ്കിന് അടിവരയിടുന്നതാണ് ഈ അന്താരാഷ്ട്ര സമ്മേളനം.










