45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ കുക്കറി കോർണറിൽ 30 മിനിറ്റുകൊണ്ട് തയ്യാറാക്കാവുന്ന ‘ബട്ടർ ചിക്കൻ എക്സ്പ്രസ്’ അവതരിപ്പിച്ച് പ്രശസ്ത ഷെഫും എഴുത്തുകാരിയുമായ ദിപ്ന ആനന്ദ്.
ഷാർജ, യു.എ.ഇ — 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (SIBF 2026) ഏഴാം ദിനത്തിൽ മൂന്ന് തലമുറകളായി കൈമാറിവന്ന പഞ്ചാബി പാചക പാരമ്പര്യം പങ്കുവെച്ച് പ്രശസ്ത ഷെഫും എഴുത്തുകാരിയുമായ ദിപ്ന ആനന്ദ്. മേളയിലെ കുക്കറി കോർണറിൽ നടന്ന ‘എ പഞ്ചാബി കിച്ചൺ വിത്ത് ദിപ്ന’ എന്ന പരിപാടിയിലാണ് 30 മിനിറ്റുകൊണ്ട് തയ്യാറാക്കാവുന്ന ‘ബട്ടർ ചിക്കൻ എക്സ്പ്രസ്’ അവർ പാകം ചെയ്ത് കാണിച്ചത്.
ചിക്കൻ ടിക്ക മസാലയുടെയും പരമ്പരാഗത ഉത്തരേന്ത്യൻ ബട്ടർ ചിക്കന്റെയും രുചിക്കൂട്ടുകൾ സംയോജിപ്പിച്ചാണ് ഈ വിഭവം തയ്യാറാക്കിയത്. ബ്രിട്ടീഷ്-ഇന്ത്യൻ രുചികളുടെ സമ്മേളനമാണിതെന്ന് ദിപ്ന വിശേഷിപ്പിച്ചു. ചിക്കൻ ഓവനിൽ വേവിക്കുന്ന പരമ്പരാഗത രീതി ഒഴിവാക്കി, നേരിട്ട് പാനിൽ പാകം ചെയ്യുന്നതിലൂടെ ഏകദേശം അരമണിക്കൂറിനുള്ളിൽ കറി തയ്യാറാക്കാൻ സാധിക്കും.
സസ്യഎണ്ണയിൽ ജീരകം മൂപ്പിച്ച ശേഷം സവാള നന്നായി വഴറ്റിയാണ് പാചകം ആരംഭിച്ചത്. തുടർന്ന് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, ജീരകം, മല്ലിപ്പൊടി, പച്ചമുളക്, ചുവന്ന മുളക്, തക്കാളി, വെണ്ണ എന്നിവ ചേർത്ത് അരച്ചെടുത്ത ഗ്രേവിയിലേക്ക് ചിക്കൻ നേരിട്ട് ചേർക്കുകയായിരുന്നു. ഗരം മസാല, മല്ലിയില, ഉണങ്ങിയ ഉലുവയില (കസൂരി മേത്തി), ക്രീം എന്നിവ ചേർത്ത് തയ്യാറാക്കിയ കറി ജീരകം ചേർത്ത പീസ് പുലാവിനൊപ്പമാണ് വിളമ്പിയത്.



പഞ്ചാബി പാചകത്തിൽ സവാള ശരിയായ രീതിയിൽ വഴറ്റുന്നതും ചിക്കൻ ചേർക്കുന്നതിന് മുൻപ് തക്കാളി മസാലയിൽ നിന്ന് എണ്ണ തെളിയുന്നതും ഏറെ പ്രധാനമാണെന്ന് ദിപ്ന ചൂണ്ടിക്കാട്ടി.
പാചക പ്രദർശനത്തിനൊപ്പം തന്റെ കുടുംബത്തിന്റെ ഭക്ഷണശാലാ ചരിത്രവും ദിപ്ന സദസ്സുമായി പങ്കുവെച്ചു. 1950-കളിൽ കെനിയയിലെ നെയ്റോബിയിൽ മുത്തച്ഛൻ സ്ഥാപിച്ച ‘ബ്രില്യന്റ്’ ഹോട്ടലിൽ നിന്നാണ് ഈ യാത്രയുടെ തുടക്കം. പിന്നീട് 1975-ൽ പിതാവും അമ്മാവനും ചേർന്ന് ലണ്ടനിലെ സൗത്താളിൽ ‘ബ്രില്യന്റ്’ റെസ്റ്റോറന്റ് ആരംഭിച്ചു.
മുത്തച്ഛനിൽ നിന്ന് പിതാവിലേക്കും ഇപ്പോൾ തന്നിലേക്കും എത്തിയ ഈ രുചിക്കൂട്ടുകൾ കുടുംബത്തിലെ പുതുതലമുറയിലേക്കും കൈമാറുകയാണെന്ന് ദിപ്ന പറഞ്ഞു. പിതാവാണ് തന്റെ മാതൃകയെന്നും ഗുരുവെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിൽ ‘ബ്രില്യന്റ് ഗാസ്ട്രോ’ എന്ന റെസ്റ്റോറന്റും കുക്കറി സ്കൂളും നടത്തിവരികയാണ് ദിപ്ന. മൂന്ന് പാചകപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അവർ, തന്റെ നാലാമത്തെ പുസ്തകത്തിനുള്ള കരാറിൽ അടുത്തിടെ ഒപ്പുവെച്ചതായും വേദിയിൽ പ്രഖ്യാപിച്ചു.
പാചകരീതിക്കൊപ്പം കുടുംബചരിത്രവും പങ്കുവെച്ച ദിപ്നയുടെ അവതരണം കാണികൾക്ക് ഏറെ ഇഷ്ടമായി. ദിപ്നയുടെ സംസാരവും പിതാവിനെക്കുറിച്ചുള്ള ഓർമ്മകളും ഏറെ ഹൃദ്യമായിരുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്ത സ്വദേശി വനിത ഷൈമ പറഞ്ഞു. വ്യക്തതയോടെയുള്ള പാചകരീതിയും ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയും മികച്ചതായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. ഷാർജയിലെ സദസ്സിന്റെ സ്നേഹത്തിന് ദിപ്ന നന്ദി അറിയിച്ചു.
ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ നാല് മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിലാണ് നടക്കുന്നത്. ‘കഥകളാൽ നിർമ്മിതം’ (Made of Stories) എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ഒമാൻ സുൽത്താനേറ്റാണ് അതിഥി രാജ്യം. 126 രാജ്യങ്ങളിൽ നിന്നുള്ള 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലധികം പുസ്തകങ്ങളാണുള്ളത്. 25 രാജ്യങ്ങളിൽ നിന്നുള്ള 106 അതിഥികൾ പങ്കെടുക്കുന്ന 1,500 സാംസ്കാരിക-കലാ പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നു.










