രാവിലെ 10 മുതൽ രാത്രി 10 വരെ നീളുന്ന ആഘോഷങ്ങളിൽ പരമ്പരാഗത ലേലം, നാടൻ ഭക്ഷണമേള, കലാസന്ധ്യ എന്നിവ ഒരുക്കിയിട്ടുണ്ട്.

ഷാർജ, യുഎഇ — “മരുഭൂമിയിലെ മണർകാട്” എന്നറിയപ്പെടുന്ന ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയർക്കൽ കത്തീഡ്രലിൽ 2026 നവംബർ 15 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ആദ്യഫല പെരുന്നാൾ ആഘോഷിക്കും.
ഇടവക വികാരി റവ. ഫാ. ബിനു അമ്പാട്ടിന്റെ അധ്യക്ഷതയിലും ജനറൽ കൺവീനർ ഐസക് കെ.വി.യുടെ നേതൃത്വത്തിലുമുള്ള വിവിധ കമ്മിറ്റികളാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി 10 മണിയോടെ സമാപിക്കും.
രാവിലെ നടക്കുന്ന ആദ്യഫല ലേലത്തിനായി വിശ്വാസികൾ സാധനങ്ങൾ നേരത്തെ തന്നെ പള്ളിയിലെത്തിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിന് ശേഷം വിവിധ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന കലാസന്ധ്യ അരങ്ങേറും. രാത്രി 10 മണി വരെ തുടരുന്ന ലേലവും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
പള്ളിയിലെ ഭക്തസംഘടനകളുടെയും കുടുംബയൂണിറ്റുകളുടെയും നേതൃത്വത്തിൽ വിവിധ സ്റ്റാളുകളിലായി നാടൻ ഭക്ഷണമേളയും സജ്ജീകരിച്ചിട്ടുണ്ട്. പെരുന്നാൾ ആഘോഷങ്ങളിൽ കുടുംബസമേതം പങ്കെടുക്കണമെന്ന് ഇടവക വികാരിയും മാനേജിങ് കമ്മിറ്റിയും അഭ്യർത്ഥിച്ചു.










