ഇരുപതാമത് ദുബായ് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ സമ്മേളനത്തിലാണ് സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ മേഖലയുമായി സഹകരിച്ചുള്ള സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചത്.
ദുബായ്, യുഎഇ — ഭക്ഷ്യസുരക്ഷ, ശാസ്ത്രീയ ഗവേഷണം, നൂതന സാങ്കേതികവിദ്യ എന്നിവ ശക്തിപ്പെടുത്തുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി ഏഴ് തന്ത്രപ്രധാന കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. സർക്കാർ സ്ഥാപനങ്ങൾ, പ്രമുഖ സ്വകാര്യ കമ്പനികൾ, അക്കാദമിക്-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.
നവംബർ 16 മുതൽ 18 വരെ നടന്ന ഇരുപതാമത് ദുബായ് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ സമ്മേളനത്തിലാണ് കരാറുകൾ യാഥാർത്ഥ്യമായത്. എഴുപത് രാജ്യങ്ങളിൽ നിന്നായി 3,400-ലധികം പ്രതിനിധികളും വിദഗ്ധരും പ്രഭാഷകരും പങ്കെടുത്ത സമ്മേളനം ഭക്ഷ്യമേഖലയിലെ ഭാവി വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷ, ആരോഗ്യകരമായ പോഷകാഹാരം, സുസ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയുമായി (KHDA) മുനിസിപ്പാലിറ്റി ധാരണാപത്രം ഒപ്പുവെച്ചു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ഭക്ഷ്യവിതരണക്കാർ എന്നിവർക്കായി സ്കൂൾ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാവുന്ന ഒരു ഇന്ററാക്ടീവ് പ്ലാറ്റ്ഫോം ഇതിന്റെ ഭാഗമായി അവതരിപ്പിക്കും. ഭക്ഷണം, പോഷകാഹാരം, ആരോഗ്യം എന്നിവ സമന്വയിപ്പിച്ചുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിനും ഭക്ഷ്യമാലിന്യം കുറയ്ക്കുന്നതിനുള്ള വിദ്യാർത്ഥി പരിശീലനങ്ങൾക്കുമായി ജെംസ് എഡ്യൂക്കേഷൻ (GEMS Education), സ്ലൈസസ് കാറ്ററിംഗ് സർവീസസ് എന്നിവരുമായും കരാറിലെത്തി.

ലബോറട്ടറി, റെഗുലേറ്ററി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിംഗുമായി മുനിസിപ്പാലിറ്റി കരാർ ഒപ്പുവെച്ചു. ദുബായ് സെൻട്രൽ ലബോറട്ടറി വഴി പരിശോധനാ സേവനങ്ങൾ നൽകുന്നതിനൊപ്പം വ്യോമയാന, പ്രാദേശിക കാറ്ററിംഗ് മേഖലകളിലെ സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള സംയുക്ത ഗവേഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഉൽപ്പന്ന പരിശോധന, സാങ്കേതിക കൺസൾട്ടൻസി, നിലവാര മാനദണ്ഡങ്ങളുടെ പുതുക്കൽ എന്നിവയ്ക്കായി ഷാർജ സർവകലാശാലയുമായും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
നിർമ്മിത ബുദ്ധിയും (AI) നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് ഭക്ഷ്യോൽപ്പന്നങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനും സുരക്ഷാ വീഴ്ചകളുണ്ടായാൽ അവ വേഗത്തിൽ തിരിച്ചുവിളിക്കുന്നതിനുമായി എസ്.എഫ്.എസ് ടെക്നോളജീസ് ലിമിറ്റഡുമായി (SFS Technologies Limited) മുനിസിപ്പാലിറ്റി സഹകരിക്കും. ഉത്തരവാദിത്തമുള്ള ഭക്ഷ്യരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതിക പരിശീലന പരിപാടികൾക്കും ബോധവൽക്കരണത്തിനുമായി എ.ഡി.എൻ.എച്ച് കാറ്ററിംഗ് (ADNH Catering), എമിറേറ്റ്സ് ബുസ്താനിക്ക (Emirates Bustanica) എന്നിവയുമായും കരാറുകളായി.
സർക്കാർ, ശാസ്ത്ര, സാങ്കേതിക വൈദഗ്ധ്യങ്ങളെ ഏകോപിപ്പിച്ച് സംയോജിത ഭക്ഷ്യസുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിനാണ് ഈ പങ്കാളിത്തങ്ങളെന്ന് ദുബായ് മുനിസിപ്പാലിറ്റി എൻവയോൺമെന്റ്, ഹെൽത്ത് ആൻഡ് സേഫ്റ്റി ഏജൻസി ആക്ടിംഗ് സി.ഇ.ഒ ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വിതരണ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്നും ഭക്ഷ്യസുരക്ഷാ നിരീക്ഷണത്തിനായി നിർമ്മിത ബുദ്ധിയും ശാസ്ത്രീയ ഗവേഷണവും പ്രയോജനപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.










