നവംബർ 23 മുതൽ 25 വരെ നടക്കുന്ന ത്രിദിന പരിപാടിയിൽ ഹ്യൂമനോയിഡ് റോബോട്ടുകളുടെ പ്രദർശനവും ഭാവി ഗതാഗത മാതൃകകളും അണിനിരക്കും
ദുബായ്, യുഎഇ — യുഎഇ ഇന്നൊവേഷൻ മാസാചരണത്തിന്റെ (യുഎഇ ഇന്നൊവേറ്റ്സ് 2026) ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സംഘടിപ്പിക്കുന്ന ത്രിദിന പരിപാടികൾക്ക് നവംബർ 23-ന് തുടക്കമാകും. ‘ഗതാഗത മേഖലയിലെ നിർമ്മിത ബുദ്ധി’ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ മൊബിലിറ്റി) എന്ന പ്രമേയത്തിൽ നവംബർ 25 വരെയാണ് പരിപാടികൾ നടക്കുന്നത്.
ആശയങ്ങൾക്കപ്പുറം നൂതന സാങ്കേതികവിദ്യകളെ പ്രായോഗിക ഗതാഗത പരിഹാരങ്ങളാക്കി മാറ്റുകയാണ് ഈ ഉദ്യമത്തിലൂടെ ആർടിഎ ലക്ഷ്യമിടുന്നത്. പ്രദർശനങ്ങൾ, ശിൽപ്പശാലകൾ, വിജ്ഞാന സെഷനുകൾ, ഇന്നൊവേഷൻ ചലഞ്ചുകൾ എന്നിവ ഉൾപ്പെടുന്ന പരിപാടി, സ്മാർട്ട് മൊബിലിറ്റി രംഗത്തെ ആഗോള കേന്ദ്രമെന്ന ദുബായുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തും.
ആശയങ്ങളിൽ തുടങ്ങി ജനജീവിതത്തിൽ നേരിട്ട് മാറ്റങ്ങളുണ്ടാക്കുന്ന പ്രായോഗിക തലത്തിലേക്ക് നവീകരണത്തെ എത്തിക്കുകയാണ് ആർടിഎയുടെ നയമെന്ന് സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് സെക്ടർ സിഇഒ മുന അൽ ഒസൈമി പറഞ്ഞു. നിർമ്മിത ബുദ്ധി, റോബോട്ടിക്സ് തുടങ്ങിയ സാങ്കേതികവിദ്യകളിലൂടെ ഭാവിയിലെ യാത്രാ സൗകര്യങ്ങൾ പുനർനിർമ്മിക്കാനും സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഈ പരിപാടി സഹായിക്കുമെന്നും അവർ വ്യക്തമാക്കി.
ആർടിഎ ആസ്ഥാനത്ത് ഒരുക്കുന്ന ‘ടുവേർഡ്സ് ദി ഫ്യൂച്ചർ’ (Towards the Future) പ്രദർശനമാണ് പരിപാടിയിലെ പ്രധാന ആകർഷണം. സ്റ്റാർട്ടപ്പുകൾ, സാങ്കേതിക കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, ആർടിഎയുടെ ഇന്നൊവേഷൻ ടീമുകൾ എന്നിവർ ഇതിൽ പങ്കാളികളാകും. സ്വയം നിയന്ത്രിത വാഹനങ്ങൾ, ഇലക്ട്രിക് മൊബിലിറ്റി, വെർച്വൽ റിയാലിറ്റി എന്നിവയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ ഇവിടെ പരിചയപ്പെടുത്തും.
ദുബായുടെ ഭാവി ഗതാഗതത്തെക്കുറിച്ചുള്ള സന്ദർശകരുടെ സങ്കൽപ്പങ്ങളെ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ദൃശ്യരൂപത്തിലേക്ക് മാറ്റുന്ന ഇന്ററാക്ടീവ് വാൾ പ്രദർശനത്തിന്റെ സവിശേഷതയാണ്. ചലനം, സന്തുലിതാവസ്ഥ, ആശയവിനിമയം എന്നിവയിൽ കൈവരിച്ച നേട്ടങ്ങൾ വ്യക്തമാക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകളുടെ പ്രത്യേക പ്രദർശനവും ഇതിന്റെ ഭാഗമായി നടക്കും.
ജീവനക്കാർക്കും നേതൃനിരയിലുള്ളവർക്കും നിർമ്മിത ബുദ്ധിയിൽ പ്രത്യേക പരിശീലന ശിൽപ്പശാലകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ഭിന്നശേഷിക്കാരുടെ (പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ) യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ജീവനക്കാർക്ക് നൂതന ആശയങ്ങൾ അവതരിപ്പിക്കാൻ ഇന്നൊവേഷൻ ചലഞ്ചുകൾ വഴി അവസരമൊരുക്കും. ഗവേഷണ-വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തന്ത്രപ്രധാന പങ്കാളികളുമായുള്ള സഹകരണം ശക്തമാക്കാനും ആർടിഎ ഇതിലൂടെ ലക്ഷ്യമിടുന്നു.










