55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ രണ്ടിന് 15 സ്കീയർമാർ ഓസ്ട്രിയയിലെ ഇഷ്ഗ്ൽ പർവതശിഖരത്തിലെത്തും.
ദുബൈ, യുഎഇ — യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ഓസ്ട്രിയൻ ആൽപ്സ് പർവതനിരയിലെ കൊടുമുടിയിൽ ദേശീയ പതാക ഉയർത്താൻ യുഎഇ സ്കീയേഴ്സ് അക്കാദമി ഒരുങ്ങുന്നു. ‘ഔർ ഫ്ലാഗ് അറ്റ് ദി സമ്മിറ്റ്’ (Our Flag at the Summit) എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രത്യേക ദൗത്യത്തിൽ 15 സ്കീയർമാരാണ് പങ്കെടുക്കുന്നത്.

ദേശീയ ദിനമായ ഡിസംബർ രണ്ടിന് സംഘം യുഎഇ പതാകയുമായി ഓസ്ട്രിയയിലെ ഇഷ്ഗ്ൽ (Ischgl) മേഖലയിലുള്ള പർവതശിഖരത്തിലെത്തും. ദുബൈയുടെ ദേശീയ മാസാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ഉദ്യമത്തിലൂടെ യുഎഇയുടെ ദേശീയ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും സന്ദേശം അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
കായിക മന്ത്രാലയം, ദുബൈ സ്പോർട്സ് കൗൺസിൽ, യുഎഇ വിന്റർ സ്പോർട്സ് ഫെഡറേഷൻ, ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബൈ (Brand Dubai), മക്ഡൊണാൾഡ്സ് യുഎഇ, സ്കീ ദുബൈ എന്നിവരുടെ സഹകരണത്തോടെയാണ് യുഎഇ സ്കീയേഴ്സ് അക്കാദമി ഈ യാത്ര സംഘടിപ്പിക്കുന്നത്. യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് ആഗോളതലത്തിൽ ശ്രദ്ധ നേടിക്കൊടുക്കുന്ന ആദരവായി ഈ പർവതാരോഹണം മാറും.











