ആഗോളതലത്തിൽ സ്ത്രീ ശാക്തീകരണത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കുമായി വിപുലമായ കർമ്മപദ്ധതികൾക്ക് സമ്മേളനം രൂപം നൽകി
ഹോ ചി മിൻ സിറ്റി (വിയറ്റ്നാം) — വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) വിമൻസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹോ ചി മിൻ സിറ്റിയിലെ ആമോർ ഹോട്ടലിൽ സംഘടിപ്പിച്ച ഗ്ലോബൽ മീറ്റ് വിപുലമായ കർമ്മപദ്ധതികൾക്ക് രൂപം നൽകി സമാപിച്ചു. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൻ ഉസ്മാൻ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ആഗോളതലത്തിൽ മലയാളി വനിതകളുടെ ഉന്നമനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ടുള്ള ക്രിയാത്മകമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമാണ് സമ്മേളനം വേദിയായത്. വനിതകൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വിവിധ ക്ഷേമ-വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാനും, പുതിയ വർഷത്തിലേക്ക് സംഘടനയെ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കാനുള്ള ഭാവി കർമ്മപരിപാടികൾ ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു.
വിമൻസ് കൗൺസിൽ പ്രസിഡന്റ് എസ്തർ ഐസക്, ചെയർപേഴ്സൺ സിസിൽ ജോയ്, സെക്രട്ടറി ആനി പാലിയത്, ട്രഷറർ ജമീല ഷാഹുൽ, വൈസ് പ്രസിഡന്റ് (അഡ്മിൻ) റാണി ലിജേഷ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, പ്രസിഡന്റ് ബേബി മാത്യു സോമത്തീരം, മൂസ കോയ, ഷാഹുൽ ഹമീദ്, ചാൾസ് പോൾ, സി.യു. മത്തായി, ഡൊമിനിക്ക്, ആൻസി ജോയ് എന്നിവർ ആശംസകൾ നേർന്നു.
വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള ഭാരവാഹികളായ മോളി സ്റ്റാൻലി, ആനി ഡോമിനിക്, ബിന്ദു സജീവ് എന്നിവരും, മിഡിൽ ഈസ്റ്റ് ഭാരവാഹികളായ സന്തോഷ് കേറ്റേത്, ജൂഡിൻ ഫെർണാണ്ടസ്, റാണി സുധീർ, ലക്ഷ്മി ലാൽ, മിലാന അജിത്, അനിത സന്തോഷ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ സെഷനുകളിലായി സെമിനാറുകളും സംവാദങ്ങളും നടന്നു.
ഔദ്യോഗിക സമ്മേളനത്തിന് ശേഷം പ്രതിനിധികൾക്കായി വിയറ്റ്നാമിലെ പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടുത്തി നാല് ദിവസത്തെ പഠന-വിനോദ യാത്രയും സംഘടിപ്പിച്ചിരുന്നു. ലോകത്തിന്റെ വിവിധ പ്രൊവിൻസുകളിൽ നിന്നെത്തിയ മുന്നൂറ്റി അമ്പതോളം പ്രതിനിധികൾ സമ്മേളന തീരുമാനങ്ങൾ അതത് പ്രൊവിൻസുകളുമായി സഹകരിച്ച് സമയബന്ധിതമായി നടപ്പിലാക്കുമെന്ന് പ്രതിജ്ഞയെടുത്തതായി ഭാരവാഹികൾ അറിയിച്ചു.










