ജിയു-ജിറ്റ്‌സു, ജൂഡോ, അത്‌ലറ്റിക്സ് എന്നിവയിലെ മെഡൽ നേട്ടങ്ങൾക്ക് പിന്നാലെ നേതൃരംഗത്തും ശ്രദ്ധേയ സാന്നിധ്യമായി എമിറാത്തി വനിതാ താരങ്ങൾ.
അബുദാബി — കൃത്യമായ കായിക നയങ്ങളുടെയും ദേശീയ പരിശീലന പദ്ധതികളുടെയും കരുത്തിൽ രാജ്യാന്തര കായിക വേദികളിൽ ആധിപത്യം ഉറപ്പിച്ച് യുഎഇ വനിതാ താരങ്ങൾ. ആയോധന കലകൾ, പർവതാരോഹണം, അത്‌ലറ്റിക്സ് തുടങ്ങി വിവിധ മേഖലകളിൽ എമിറാത്തി വനിതകൾ കൈവരിച്ച റെക്കോർഡ് നേട്ടങ്ങൾ യുഎഇയുടെ വനിതാ കായിക ശാക്തീകരണ പദ്ധതികളുടെ വിജയമായി വിലയിരുത്തപ്പെടുന്നു.
യുഎഇ ദേശീയ ഒളിമ്പിക് കമ്മിറ്റി, കായിക മന്ത്രാലയം, വിവിധ കായിക കൗൺസിലുകൾ, അക്കാദമികൾ എന്നിവയുടെ ഏകോപിത പ്രവർത്തനങ്ങളാണ് ഈ മുന്നേറ്റത്തിന് അടിത്തറ പാകിയത്. താഴെത്തട്ടിൽ നിന്നുള്ള കായികതാരങ്ങളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനാണ് ഈ സമിതികൾ മുൻഗണന നൽകുന്നത്.
മാർഷ്യൽ ആർട്സ് രംഗത്താണ് രാജ്യം ഏറ്റവും വലിയ നേട്ടങ്ങൾ കൊയ്തത്. 2026 ലോക ജിയു-ജിറ്റ്‌സു ചാമ്പ്യൻഷിപ്പിൽ യുഎഇ താരങ്ങൾ മൂന്ന് സ്വർണം സ്വന്തമാക്കി. അണ്ടർ-52 കിലോഗ്രാം വിഭാഗത്തിൽ അസ്മ അൽ ഹൊസാനിയും, അണ്ടർ-48 കിലോഗ്രാമിൽ ബൽഖീസ് അൽ ഹാഷിമിയും, അണ്ടർ-63 കിലോഗ്രാമിൽ ഷമ്മ അൽ കൽബാനിയും സ്വർണ്ണമെഡലുകൾ നേടി.
കസാഖ്സ്ഥാനിലെ അൽമാട്ടിയിൽ നടന്ന ഏഷ്യൻ യൂത്ത്, ജൂനിയർ ജിയു-ജിറ്റ്‌സു ചാമ്പ്യൻഷിപ്പിൽ ദാന അൽ ബുറൈക്കി (45 കിലോ), അൽ അനൂദ് അൽ ഹർബി (48 കിലോ), ആയിഷ അൽ ജുനൈബി (63 കിലോ) എന്നിവരും സ്വർണം സ്വന്തമാക്കി. യൂത്ത് എംഎംഎ ലോക ചാമ്പ്യൻഷിപ്പിൽ ഹിന്ദ് അൽ ഹാഷിമി, കാദി സുലൈമാൻ എന്നിവരും രാജ്യത്തിനായി സുവർണ നേട്ടം ആവർത്തിച്ചു.
പർവതാരോഹണത്തിൽ പത്തൊൻപതുകാരിയായ ഫാത്തിമ അബ്ദുൽറഹ്മാൻ അൽ അവാദി പുതിയ ചരിത്രമെഴുതി. കിർഗിസ്ഥാനിലെ പാമിർ മലനിരകളിലുള്ള 7,134 മീറ്റർ ഉയരമുള്ള ലെനിൻ കൊടുമുടി കീഴടക്കിയ ഫാത്തിമ, 7,000 മീറ്ററിലധികം ഉയരമുള്ള കൊടുമുടി കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ അറബ് വനിതയും ഈ നേട്ടം കൈവരിക്കുന്ന ആദ്യ എമിറാത്തി വനിതയുമായി.
ജൂഡോയിൽ ദേശീയ ഫെഡറേഷന്റെ ചിട്ടയായ പ്രവർത്തനങ്ങൾ ഫലം കണ്ടു. ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസ് ചരിത്രത്തിൽ യുഎഇയുടെ ആദ്യ സ്വർണം ബഷിറത് ഖറൂദിയിലൂടെ സ്വന്തമായി. ഉലാൻബത്താർ, ദുഷാൻബെ ഗ്രാൻഡ് സ്ലാം മത്സരങ്ങളിൽ എലീസ ലിറ്റിയേവും സ്വർണ്ണമെഡൽ സ്വന്തമാക്കി.
ഫുജൈറ മാർഷ്യൽ ആർട്സ് ക്ലബ്ബ് താരം ഹുദ അൽ അലി സെനഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിന് യോഗ്യത നേടി. കാനഡ, സ്ലോവേനിയ, ടുണീഷ്യ എന്നിവിടങ്ങളിലെ മികച്ച പ്രകടനമാണ് ഹുദയ്ക്ക് ഈ നേട്ടം സമ്മാനിച്ചത്.
യുഎസ്എയിലെ ഒറിഗോണിൽ നടന്ന ലോക അത്‌ലറ്റിക്സ് അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ എമിറാത്തി താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തു. 400 മീറ്റർ ഹർഡിൽസിൽ മറിയം കരീം 56.27 സെക്കൻഡിൽ നാലാം സ്ഥാനത്തെത്തി. വെങ്കല മെഡൽ വെറും 0.28 സെക്കൻഡിനാണ് മറിയത്തിന് നഷ്ടമായത്. ഹാമർ ത്രോയിൽ സൽമ ഹൈതം അൽ മർറി 58.96 മീറ്റർ എറിഞ്ഞ് ദേശീയ ജൂനിയർ റെക്കോർഡ് തിരുത്തി.
ദോഹയിൽ നടന്ന നാലാമത് ജിസിസി ഗെയിംസിൽ തായ്‌ക്വോണ്ടോ താരം ആംന അൽ ലൊഗാനി സ്വർണം നേടി. സ്പെഷ്യൽ അത്‌ലറ്റുകളുടെ വിഭാഗത്തിൽ സിഹാം അൽ റാഷിദി, മറിയം അൽ മത്റൂഷി, സാറ അൽ ജുനൈബി, നൂറ അൽ കെത്ബി തുടങ്ങിയ പ്രമുഖ താരങ്ങൾ അന്താരാഷ്ട്ര മെഡലുകൾ സ്വന്തമാക്കി.
ചെസിൽ റൗദ അൽ സെർകൽ വുമൺ ഗ്രാൻഡ്മാസ്റ്റർ പദവി കരസ്ഥമാക്കിയപ്പോൾ, അന്താരാഷ്ട്ര മാസ്റ്റർ വാഫിയ ദർവീഷ് അൽ മാമരി ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ സ്വർണം സ്വന്തമാക്കി. പവർബോട്ട് റേസിംഗിൽ ആലിയ അബ്ദുൽ സലാം മണിക്കൂറിൽ 129 കിലോമീറ്റർ വേഗത രേഖപ്പെടുത്തി ഫോർമുല 4 വിഭാഗത്തിൽ ബ്രിട്ടന്റെ ജോൺ ബ്രൂവറുടെ റെക്കോർഡ് മറികടന്നു.
വ്യക്തിഗത മികവിനപ്പുറം ആസൂത്രിതമായ ഭരണകൂട പിന്തുണയാണ് ഈ വിജയങ്ങൾക്ക് കാരണമെന്ന് ഫാത്തിമ ബിൻത് മുബാറക് ലേഡീസ് സ്പോർട്സ് അക്കാദമി വൈസ് ചെയർപേഴ്സൺ ഡോ. ഒമ്നിയാത് അൽ ഹജേരി വ്യക്തമാക്കി. കളിക്കളത്തിലെ വിജയങ്ങൾക്ക് പുറമെ, ബാഡ്മിന്റൺ ഫെഡറേഷൻ പ്രസിഡന്റ് നൂറ അൽ ജസ്മി, ആർച്ചറി ഫെഡറേഷൻ പ്രസിഡന്റ് ഹനാദി ഖലീഫ അൽ കബൗരി തുടങ്ങിയ വനിതകൾ അന്താരാഷ്ട്ര ഭരണസമിതികളിലും പ്രധാന പദവികൾ വഹിക്കുന്നുണ്ട്.






