യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ ആറിന് നടക്കുന്ന ക്യാമ്പിൽ 20-ഓളം ക്ലിനിക്കുകളുടെ സേവനം ലഭ്യമാകും.
ദുബൈ — യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ ആറിന് ഗാർഹിക തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓൾ കേരള പ്രവാസി അസോസിയേഷനും ഹോപ്പ് ഓഫ് ലൈഫും സംയുക്തമായാണ് പരിപാടി ഒരുക്കുന്നത്.
ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിലായി ഏകദേശം 20 ക്ലിനിക്കുകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.00 വരെയാണ് സമയം. യു.എ.ഇയിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്ക് മാത്രമായിരിക്കും പ്രവേശനം.
ജനറൽ ഫിസിഷ്യൻ കൺസൾട്ടേഷൻ, ഗൈനക്കോളജി പരിശോധന, ദന്ത പരിശോധന, കൊളസ്ട്രോൾ രക്തപരിശോധന എന്നിവ സൗജന്യമായി നടത്തും. സമൂഹത്തിന് വിലപ്പെട്ട സേവനം നൽകുന്ന ഗാർഹിക തൊഴിലാളികൾക്ക് അടിസ്ഥാന ആരോഗ്യപരിരക്ഷ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി. വിവരം കൂടുതൽ പേരിലേക്ക് എത്തിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 00918593027475 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാം.










