ഡോ. കെ.പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ ഭൂമിയിൽ മേപ്പാടി റിപ്പണിലെ ‘ഹീലിംഗ് ഹിൽസിലാണ്’ വീടുകൾ നിർമിച്ചത്; ഉദ്ഘാടനം നവംബർ 29-ന്
കോഴിക്കോട്, ഇന്ത്യ — വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും ജീവിതസാഹചര്യങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ച ഏഴ് വീടുകൾ നവംബർ 29 ഞായറാഴ്ച രാവിലെ 10 മണിക്ക് സമർപ്പിക്കും. വയനാട് ജില്ലയിൽ മേപ്പാടിക്കടുത്ത് റിപ്പണിലെ ‘ഹീലിംഗ് ഹിൽസിൽ’ നിർമിച്ച ഭവനങ്ങളുടെ ഉദ്ഘാടനം യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി. ഹുസൈൻ നിർവഹിക്കും.
ഡോ. കെ.പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ സ്ഥലത്താണ് ഹെൽപിംഗ് ഹാൻഡ്സ് ഭവനങ്ങൾ നിർമിച്ചത്. ദുരന്തബാധിതർക്ക് സുരക്ഷിതമായ പാർപ്പിടം ഒരുക്കുന്നതിനൊപ്പം ആത്മവിശ്വാസത്തോടെ ജീവിതം പുനരാരംഭിക്കാനുള്ള സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടത്തിൽ ഏഴ് കുടുംബങ്ങൾക്ക് വീടുകൾ കൈമാറുന്നത്.

ചടങ്ങിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കേശവൻ, കേരള റൂറൽ എംപ്ലോയ്മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റി (KREWS) ചെയർമാൻ യാഹ്‌യാഖാൻ, ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ സൈബാൻ സലാം എന്നിവർ പങ്കെടുക്കും. ആതുരശുശ്രൂഷ, ആരോഗ്യപരിരക്ഷ, ദുരിതാശ്വാസം, പുനരധിവാസം എന്നീ മേഖലകളിൽ മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഹെൽപിംഗ് ഹാൻഡ്സ്.
കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ ഫാത്തിമ ഹെൽത്ത് കെയർ ചെയർമാൻ ഡോ. കെ.പി. ഹുസൈൻ, ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. ജമാലുദ്ധീൻ ഫാറൂഖി, എൻ.ആർ.ഐ പ്രോജക്ട് മാനേജ്‌മെന്റ് ഇന്ത്യ ഡയറക്ടർ ഡോ. ഷെബിൻ മുഹമ്മദ്, ഹെൽപിംഗ് ഹാൻഡ്സ് പ്രസിഡന്റ് നിയാസ് കെ.വി., സെക്രട്ടറി നൗഫൽ എം.കെ., പി.ആർ.ഒ സിദ്ദിഖ് തിരുവമ്പാടി, വളണ്ടിയർ കൺവീനർ ഫൈസൽ കോവൂർ എന്നിവർ പങ്കെടുത്തു.










