ദുബൈ | UAE വാർത്ത
യു.എ.ഇയിൽ ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില വ്യാഴാഴ്ച രേഖപ്പെടുത്തി. റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ പുലർച്ചെ 5.45ന് 0.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജനുവരി അവസാനത്തോടെ രാജ്യത്ത് താപനില കൂടുതൽ താഴുമെന്നും ശക്തമായ ശൈത്യാവസ്ഥ അനുഭവപ്പെടുമെന്നും നേരത്തെ തന്നെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. അതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ വിവിധ ഉയർന്ന പ്രദേശങ്ങളിൽ കനത്ത തണുപ്പ് അനുഭവപ്പെടുന്നത്.
ജബൽ ജെയ്‌സിന് പുറമേ മിബ്‌റഹ് മലനിരയിൽ 3.1 ഡിഗ്രിയും, ജബൽ റഹ്ബയിൽ 3.2 ഡിഗ്രിയും, രക്‌നയിൽ 4 ഡിഗ്രിയും, ജബൽ ഹഫീത്തിൽ 6.7 ഡിഗ്രിയുമാണ് വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയത്. പല പ്രദേശങ്ങളിലും 5 ഡിഗ്രിക്കു താഴെ താപനില അനുഭവപ്പെട്ടു.
യു.എ.ഇയിൽ ഇത്രയും തണുപ്പ് അനുഭവപ്പെടുന്നത് ഇതാദ്യമല്ല. 2021ൽ ചില പ്രദേശങ്ങളിൽ രണ്ട് ദിവസം തുടർച്ചയായി പൂജ്യത്തിനും താഴെ താപനില രേഖപ്പെടുത്തിയിരുന്നു. അന്ന് രക്‌നയിൽ മൈനസ് 1.7 ഡിഗ്രി സെൽഷ്യസ് എന്ന താപനിലയും രേഖപ്പെടുത്തി.
രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില മൈനസ് 5.7 ഡിഗ്രി സെൽഷ്യസാണ്. 2017 ഫെബ്രുവരി 3ന് രാജ്യത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ജബൽ ജെയ്‌സ് മലനിരയിലാണ് ഇത് രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ താപനില 2017 ഫെബ്രുവരി 4ന് ജബൽ ജെയ്‌സിൽ രേഖപ്പെടുത്തിയ മൈനസ് 3 ഡിഗ്രി സെൽഷ്യസാണ്.
അതേസമയം, 2009 ജനുവരി 24ന് ഏകദേശം 5,700 അടി ഉയരത്തിലുള്ള ജബൽ ജെയ്‌സ് മലനിരയുടെ മുകൾഭാഗം അഞ്ച് കിലോമീറ്ററിലധികം വിസ്തൃതിയിൽ മഞ്ഞുമൂടിയതായും കാലാവസ്ഥ രേഖകൾ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തിൽ വരുംദിവസങ്ങളിലും രാജ്യത്ത് ശൈത്യാവസ്ഥ തുടരാനാണ് സാധ്യത.



































