ഷാർജ: ‘പ്രൗഡ് ആൻഡ് ഗിവിങ്’ എന്ന പേരിൽ 11-ാമത് ഷാർജ ഇന്റർനാഷണൽ സൈക്ലിംഗ് ടൂറിന്റെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഷാർജ ഭരണാധികാരിയുടെ ഓഫിസ് ചെയർമാൻ ശൈഖ് ഡോ. സാലം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമി പങ്കെടുത്തു. ഷാർജ സിറ്റിയിലെ അൽ നൂർ ദ്വീപിൽ നിന്നാരംഭിച്ച ടൂർ 129.6 കിലോമീറ്റർ ദൂരം താണ്ടി മലീഹയിലെ വീറ്റ് ഫാമിലാണ് അവസാനിച്ചത്.ഉദ്ഘാടന ചടങ്ങിൽ പരമ്പരാഗതവും പൈതൃകവുമായ പ്രകടനങ്ങൾക്കൊപ്പം ഷാർജ ഇന്റർനാഷണൽ മറൈൻ സ്‌പോർട്‌സ് ക്ലബ്ബിന്റെ സമുദ്ര പ്രദർശനങ്ങളും ഉണ്ടായിരുന്നു. തുടർന്ന്, ശൈഖ് ഡോ. സാലം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമി മത്സരത്തിന്റെ തുടക്കം കുറിക്കാനുള്ള ഔദ്യോഗിക സൂചന നൽകി.
ടൂറിൽ ആകെ അഞ്ച് ഘട്ടങ്ങളുണ്ട്. കൂടാതെ, പ്രൊഫഷണൽ മത്സരത്തോടൊപ്പം ഒരു പ്രാദേശിക യുവജന ടൂറും ദൃഢനിശ്ചയ (ഭിന്നശേഷി) ആളുകൾക്കായി ഒരു സമർപ്പിത ഓട്ടവും ഉൾപ്പെടുന്നു. ഈ മാസം 27ന് ചൊവ്വാഴ്ച വരെ നീളുന്ന ഈ പരിപാടിയിൽ യു.എ.ഇ ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള 27 ടീമുകളെയും ദേശീയ സ്ക്വാഡുകളെയും പ്രതിനിധീകരിച്ച് 162 സൈക്ലിസ്റ്റുകൾ പങ്കെടുക്കുന്നു.
അഞ്ച് ഘട്ടങ്ങളിലായി 503 കിലോ മീറ്റർ ദൂരം സഞ്ചരിക്കുന്ന അന്താരാഷ്ട്ര മത്സരം വരുംദിവസങ്ങളിലും തുടരും. ‘അൽ ജുബൈൽ’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഘട്ടം 129.56 കിലോ മീറ്റർ ദൈർഘ്യത്തിലുള്ളതാണ്. ഷാർജ സിറ്റിയിലെ അൽ ജുബൈൽ മാർക്കറ്റിൽ നിന്നാരംഭിച്ച് കൽബയിലെ അൽ ജുബൈൽ മാർക്കറ്റിൽ ഇത് സമാപിക്കും. മൂന്നാം ഘട്ടം ‘അൽ ഹീറ’ 9.8 കിലോ മീറ്റർ ദൂരം താണ്ടുന്ന വ്യക്തിഗത ടൈം ട്രയൽ ആണ്. ഇത് ഷാർജയിലെ അൽ ഹീറ പ്രദേശത്ത് നിന്നാരംഭിച്ച് അവിടെ തന്നെ തിരിച്ചെത്തി അവസാനിക്കും. നാലാം ഘട്ടം ‘ഈസ്റ്റേൺ’ ദിബ്ബ അൽ ഹിസ്ൻ ദ്വീപിൽ നിന്ന് തുടങ്ങി ഖോർഫക്കാനിലെ അൽ സുഹുബ് റെസ്റ്റ് ഏരിയയിൽ അവസാനിക്കും. അഞ്ചാമത്തെയും അവസാനത്തെയും ഘട്ടമായ ‘ഹെറിറ്റേജ് ആൻഡ് സിവിലൈസേഷൻ’ 100.09 കിലോ മീറ്റർ ദൈർഘ്യമുള്ളതാണ്. ഷാർജ ഫാൽകണേഴ്‌സ് ക്ലബ്ബിൽ നിന്നാരംഭിച്ച് ഷാർജ ഗ്രാൻഡ് മസ്ജിദിലാണിത് അവസാനിക്കുക.

യു.എ.ഇ ടീം ജനറൽ ഇസെഡ്, മലേഷ്യയുടെ തെരെങ്കാനു ടീം, തായ്‌ലൻഡിന്റെ റൂജായി ടീം, ഹംഗറിയുടെ എം.ബി.എച്ച് ടീം, ഇറ്റലിയുടെ ടോസ്കാന ടീം, തുർക്കിയിലെ ഇസ്താംബുൾ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റി ടീം, നെതർലാൻഡ്‌സ് യൂണിവേഴ്‌സ് ടീം, ജപ്പാന്റെ കിനാൻ ടീം, സ്ലൊവേനിയയുടെ ഫാക്ടർ ടീം, ചൈനയുടെ ലി നിംഗ് സ്റ്റാർ ടീം, ഫ്രഞ്ച് റീജിയണൽ ടീം ഹൗട്ട്-സാവോയ് എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര ടീമുകളും ദേശീയ ടീമുകളും ടൂറിൽ പങ്കെടുക്കുന്നു.




































