ദുബായ് : ഖൂസ് ആർട്സ് ഫെസ്റ്റിൽ പങ്കെടുത്തവർ അപ്രതീക്ഷിതമായി ആ അതിഥിയെ കണ്ട് അമ്പരന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ സന്ദർശനമാണ് നിവാസികളിലും സന്ദർശകരിലും ഒരുപോലെ അമ്പരപ്പുളവാക്കിയത്. രാവിലെയാണ് ഖൂസ് ആർട്സ് ഫെസ്റ്റിവൽ നടക്കുന്ന അൽസർക്കൽ അവന്യൂവിൽ അപ്രതീക്ഷിതമായി വി.വി.ഐ.പി സന്ദർശനം നടത്തിയത്. സുവർണ നിറമുള്ള കന്ദൂറയണിഞ്ഞ് കയ്യിൽ ചൂരൽ വടിയുമായി എത്തിയ ശൈഖ് മുഹമ്മദിനെ കണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവന്ന് അഭിവാന്ദ്യം അർപ്പിച്ചു. സന്ദർശന വേളയിൽ അദ്ദേഹം നിരവധി സ്ഥാപനങ്ങൾ സന്ദർശിക്കുകയും അവിടെയുള്ള കുട്ടികളുമായി സംവദിക്കുകയും ചെയ്തു. മുതിർന്ന നിരവധി ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രാവിലെ 11 മണിയോടെ എത്തിയ അദ്ദേഹം അൽപനേരം അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.



































