ബെംഗളൂരു ∙ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ മരിച്ച CJ Royയുടെ (57) പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇടതു നെഞ്ചിൽ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും ഗുരുതരമായി തകർത്തതിനെ തുടർന്ന് റോയ് തൽക്ഷണം മരിച്ചതായി റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.
ബെംഗളൂരുവിലെ Bowring Hospital-ൽ നടത്തിയ മൃതദേഹ പരിശോധനയ്ക്ക് ശേഷം മെഡിക്കൽ സൂപ്രണ്ട് എം.എൻ. അരവിന്ദാണ് ഇക്കാര്യം വ്യക്തമാക്കിയത്. 6.35 എംഎം വലുപ്പമുള്ള വെടിയുണ്ട നെഞ്ചിലൂടെ കയറി പിൻഭാഗത്തുകൂടി പുറത്തു വന്നതായും, തോക്ക് നെഞ്ചോട് ചേർത്ത് ഒറ്റത്തവണയാണ് വെടിവച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസ് കാത്തിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച രക്തസാമ്പിളുകളും മറ്റ് തെളിവുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ രണ്ട് എസ്പിമാർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെ തുടർന്നാണ് ദുബായിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് റോയ് ബെംഗളൂരുവിലെത്തിയത്. ലാങ്ഫഡ് ടൗണിലെ കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് മൊഴിയെടുക്കുന്നതിനിടെയാണ് സംഭവം. മുറിയിലേക്ക് പോയ റോയിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊച്ചിയിൽ നിന്നുള്ള എട്ടംഗ സംഘമാണ് റെയ്ഡ് നടത്തിയിരുന്നത്.
ഇതിനിടെ, ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്നാരോപിച്ച് റോയിയുടെ സഹോദരൻ സി.ജെ. ബാബുവും ഗ്രൂപ്പിന്റെ നിയമോപദേശകനും രംഗത്തെത്തി. ആദായ നികുതിയുമായി ബന്ധപ്പെട്ട് അപ്പീലറ്റ് ട്രൈബ്യൂണലിലും കർണാടക ഹൈക്കോടതിയിലും Confident Group-ന് കേസുകൾ നിലവിലുണ്ടായിരുന്നുവെന്നും വിവരമുണ്ട്.
English Summary:
The post-mortem report of Confident Group chairman Dr. C.J. Roy has confirmed that he died instantly after a self-inflicted gunshot wound to the chest during an Income Tax raid in Bengaluru. The bullet pierced his heart and lungs, exiting through the back. Police have formed a special investigation team as allegations of pressure by officials surface.









































