ന്യൂഡൽഹി | UAE വാർത്ത
കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ബജറ്റ് വിഹിതത്തിൽ വൻ വർധനവ് പ്രഖ്യാപിച്ചു. 2026-ലെ കേന്ദ്ര ബജറ്റിൽ കമീഷന് അനുവദിച്ച തുക 304.98 കോടി രൂപയിൽ നിന്ന് 382.22 കോടി രൂപയായി ഉയർത്തി. ഏകദേശം 25.33 ശതമാനത്തിന്റെ വർധനവാണിത്.
അനുവദിച്ച മൊത്തം തുകയിലിൽ 367.69 കോടി രൂപ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചെലവുകൾക്കായി നീക്കിവെച്ചു. ശേഷിക്കുന്ന തുക ഭരണപരമായ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.
ഈ വർഷം കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്. അടുത്ത വർഷം ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പുകൾ നടക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് അധിക ഫണ്ട് അനുവദിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വോട്ടർ ഐഡി (EPIC) വിതരണത്തിനായി നിയമ മന്ത്രാലയത്തിന് 250 കോടി രൂപ അനുവദിച്ചു. ഇതിന്റെ ചെലവ് കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി വഹിക്കും. കൂടാതെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടിശ്ശിക തീർക്കുന്നതിനായി വിവിധ ഏജൻസികൾക്കും സംസ്ഥാന സർക്കാരുകൾക്കും 500 കോടി രൂപ കൂടി വകയിരുത്തി.
നിലവിൽ രാജ്യത്ത് 99 കോടി വോട്ടർമാരാണുള്ളത്. എന്നാൽ പ്രത്യേക പരിശോധന (Special Intensive Revision) നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് ചില പേരുകൾ നീക്കം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ബിഹാറിൽ 47 ലക്ഷം പേരുകൾ വെട്ടിമാറ്റിയ നടപടി മുൻപ് രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എങ്കിലും ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും നിഷേധിച്ചിരുന്നു.










































