ഷാർജ: പ്രവാസ ലോകത്തെയും കേരളത്തിലെയും ബിസിനസ് പ്രമുഖരെയും വളർന്നുവരുന്ന സംരംഭകരെയും ഒരേ വേദിയിൽ അണിനിരത്തി ഷാർജ എക്സ്പോ സെന്ററിൽ സംഘടിപ്പിച്ച ‘ഈഗിൾ ഐപിഎ ബിസ്‌കോൺ 2026 – സീസൺ 4’ ശ്രദ്ധേയമായി. ഇന്റർനാഷണൽ പ്രമോട്ടേഴ്‌സ് അസോസിയേഷനും (ഐപിഎ) ഈഗിൾ ബിസിനസ് കമ്മ്യൂണിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഈ ബിസിനസ് കോൺക്ലേവിൽ, യുഎഇയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള അഞ്ഞൂറിലധികം സംരംഭകരാണ് പങ്കെടുത്തത്. ബിസിനസ് മേഖലയിലെ വളർച്ചാ തന്ത്രങ്ങളും പുതിയ കാലത്തെ സാധ്യതകളും ചർച്ച ചെയ്ത ഈ സംഗമം പ്രവാസി ബിസിനസ് സമൂഹത്തിന് പുതിയ ദിശാബോധം നൽകുന്നതായി മാറി.
ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്‌വാൻ സാജൻ പരിപാടിയിൽ മുഖ്യാതിഥിയായി സംബന്ധിച്ചു. മുംബൈയിലെ ചേരിയിൽ നിന്ന് തുടങ്ങി ദുബായിലെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തോളം വളർന്ന തന്റെ ജീവിതകഥ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. “ബിസിനസ് ചെയ്യാൻ ലോകത്ത് ഏറ്റവും അനുയോജ്യമായ നഗരമാണ് ദുബായ്. നികുതികളുടെ അമിതഭാരമില്ലാത്ത, നിയമങ്ങൾ എല്ലാവർക്കും തുല്യമായ അവസരങ്ങൾ നൽകുന്ന നാടാണിത്,” അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ നൽകുന്ന ആഗോള കണക്ടിവിറ്റിയും പ്രചാരവും ബിസിനസ് വളർച്ചയ്ക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം അനുഭവങ്ങളിലൂടെ വ്യക്തമാക്കി.
പരിപാടിയുടെ ഭാഗമായി നടന്ന ‘സക്സസ് കേസ് സ്റ്റഡി’ സെഷൻ ഏറെ വിജ്ഞാനപ്രദമായിരുന്നു. നെല്ലറ, ഡീപ് സീ ഫുഡ്‌സ്, ഹോട്ട്പാക്ക് എന്നീ പ്രമുഖ സ്ഥാപനങ്ങളുടെ സാരഥികൾ തങ്ങളുടെ വിജയവഴികൾ ഈ സെഷനിൽ പങ്കുവെച്ചു. ഷംസുദ്ധീൻ, ഫസലു റഹ്മാൻ, എ.കെ. മൊയ്തുണ്ണി, അബ്ദുള്ള (നെല്ലറ), ഫഹിയാസ്, യൂസഫ്, ഹംസ കെ.കെ, ഹാരിസ് (ഡീപ് സീ), അബ്ദുൽ ജബ്ബാർ, സൈനുദ്ധീൻ പി.ബി, ജാസിർ, അന്വർ, നിജിബ സുലൈമാൻ (ഹോട്ട്പാക്ക്) എന്നിവർ പങ്കെടുത്ത ചർച്ച സംരംഭകർക്ക് വലിയ ആത്മവിശ്വാസം നൽകി.
തുടർന്ന് നടന്ന ‘വോയ്‌സ് ഓഫ് ഇൻഡസ്ട്രി’ എന്ന പാനൽ ചർച്ചയിൽ വിവിധ വ്യവസായ മേഖലകളിലെ അനുഭവങ്ങൾ ചർച്ചയായി. പ്രമുഖ ബിസിനസ് കോച്ചും ഈഗിൾ ബിസ്‌ഗ്രോത്ത് മാനേജിങ് ഡയറക്ടറുമായ ഷമീം റഫീഖ് മോഡറേറ്ററായ ചർച്ചയിൽ ഹാരിസ് കണ്ടമ്പാട്ട് (ക്ലിക്കോൺ സിഇഒ), ജെന്നി ജോസഫ് (ജെന്നി ഫ്ലവേഴ്സ്), നിജിൽ ഇബ്രാഹിംകുട്ടി (ബ്ലൂഡോട്ട് എയർ ആംബുലൻസ്), റഷീദ് വി.പി (ഇബ്ൻ ബത്തൂത്ത ഡ്രഗ് സ്റ്റോർ), സതീഷ് കുമാർ (കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്റോറന്റ്) എന്നിവർ പങ്കെടുത്തു. ഐപിഎ ചെയർമാൻ റിയാസ് കിൽട്ടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ് മുഖ്യപ്രഭാഷണം നടത്തി. ഐപിഎയുടെ പത്താം വാർഷികത്തോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു.










































