തിരുവനന്തപുരം: ജനാധിപത്യ കേരള കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ആന്റണി രാജുവിന് ഇന്ന് നിർണായക ദിനം. തൊണ്ടിമുതൽ കേസിൽ സമർപ്പിച്ച അപ്പീലിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. നേരത്തെ രണ്ട് തവണ കോടതി വിധി മാറ്റിവെച്ചിരുന്നു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മജിസ്ട്രേറ്റ് കോടതിയുടെ വിധിയും ശിക്ഷയും റദ്ദാക്കണമെന്നാണ് ആന്റണി രാജുവിന്റെ ആവശ്യം. വിധി അനുകൂലമായാൽ എംഎൽഎ സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള സാധ്യത ഉണ്ടാകും. അപ്പീൽ തള്ളിയാൽ വലിയ തിരിച്ചടിയാകും.
അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്ന കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. തുടർന്ന് അദ്ദേഹം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനായി. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കള്ളത്തെളിവ് ഉണ്ടാക്കൽ, വ്യാജരേഖ ചമയ്ക്കൽ, സർക്കാർ ഉദ്യോഗസ്ഥന്റെ വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ് കോടതി കണ്ടെത്തിയത്.
1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ 60 ഗ്രാം ഹാഷിഷുമായി പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറുമായി ചേർന്ന് കേസിന്റെ വക്കാലത്ത് ഏറ്റെടുത്തിരുന്നു. പിന്നീട് ഹൈക്കോടതി പ്രതിക്ക് അനുകൂലമായി വിധി പറഞ്ഞിരുന്നു.









































