കൊച്ചി: സംസ്ഥാനത്തെ കൗമാരക്കാർക്കിടയിൽ വർധിച്ചുവരുന്ന കൊറിയൻ സംസ്കാര ഭ്രമം നിയന്ത്രിക്കാൻ സ്കൂളുകളിലും കോളജുകളിലും ബോധവത്കരണ കാമ്പയിൻ നടത്താനൊരുങ്ങി പൊലീസ്. എറണാകുളം ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ (16) ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്തിന്റെ മരണവാർത്ത കേട്ട് വിഷമം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുകയാണെന്ന് കുറിപ്പിൽ എഴുതിയതായി പൊലീസ് പറഞ്ഞു. ഇതിനെ തുടർന്ന് കൗമാരക്കാർക്ക് നേരിടേണ്ടി വരുന്ന ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണം നൽകുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം.
കൊറിയൻ സിനിമകളും സംഗീതവും സ്വാധീനിച്ച് ഭാഷ പഠിക്കാനും വിദേശത്ത് ജോലി തേടാനും ശ്രമിക്കുന്ന പ്രവണത കുട്ടികളിൽ വർധിക്കുന്നതായി പൊലീസ് വിലയിരുത്തുന്നു. ഇതിനെ മുതലെടുത്ത് ഓൺലൈൻ തട്ടിപ്പുകളും വ്യാജ വാഗ്ദാനങ്ങളും ഉണ്ടാകുന്ന സാഹചര്യം തടയാനാണ് നടപടി.
സ്റ്റുഡന്റ്സ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും അധ്യാപകരുടെയും സഹകരണത്തോടെ സ്കൂളുകളിലും കോളജുകളിലും ക്ലാസുകൾ സംഘടിപ്പിക്കും. സൈബർ പൊലീസ് സംഘവും കാമ്പയിനിൽ പങ്കാളികളാകും.
ഇപ്പോൾ പരീക്ഷാകാലമായതിനാൽ അടുത്ത അധ്യയന വർഷം ആരംഭിച്ച ശേഷമായിരിക്കും പ്രവർത്തനങ്ങൾ തുടങ്ങുക. അതേസമയം, ആദിത്യയുടെ ആത്മഹത്യയിൽ ദുരൂഹത തുടരുകയാണെന്നും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.









































