തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. സംഭവത്തിൽ നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും ഡോക്ടർക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നും നെടുമങ്ങാട് ആർഡിഒ ജയകുമാർ അറിയിച്ചു. ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് സുമി കെ.വി പറഞ്ഞു. ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്യാൻ സാധ്യതയുണ്ടെന്നും അരമണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്. മുൻപ് ആരോപണ വിധേയയായിരുന്ന ഡോ. ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലായിരുന്നു സിസേറിയൻ ശസ്ത്രക്രിയ നടത്തിയിരുന്നത്.
സംഭവത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഡോക്ടറുടെ കാർ പ്രവർത്തകർ തടഞ്ഞതോടെ പൊലീസ് എത്തി ഡോക്ടറെ ജീപ്പിൽ കയറ്റി തിരികെ ആശുപത്രിയിൽ എത്തിച്ചു.









































