കണ്ണൂർ: പാലം ഉദ്ഘാടനം ചടങ്ങിൽ ദൃശ്യമാധ്യമങ്ങൾ എത്താത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഭവം പ്രകടിപ്പിച്ചു. കീഴത്തൂർ പാലം ഉദ്ഘാടനം ചെയ്യുന്നതിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമർശം.
സദസ്സിൽ ടെലിവിഷൻ ക്യാമറകൾ കാണാനില്ലെന്നും ചില സമൂഹമാധ്യമ പ്രവർത്തകരുടെ ക്യാമറകൾ മാത്രമാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചരക്കണ്ടിയിലെ കേരള സയൻസ് പാർക്ക് – ഐ.ടി പാർക്ക് ഉദ്ഘാടന പരിപാടിയിലും മാധ്യമങ്ങൾ എത്തിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ പ്രചരിപ്പിക്കാതെ അവ മറയ്ക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അതിനാൽ സമൂഹമാധ്യമങ്ങൾ വഴി വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വേദിയിൽ സംസാരിക്കുമ്പോൾ പലപ്പോഴും ക്യാമറകൾ മുന്നിൽ നിന്നു തടസ്സം സൃഷ്ടിച്ചാലും ജനങ്ങളിലേക്ക് വിവരം എത്തിക്കുന്ന വിഭാഗമാണെന്ന നിലയിൽ അത് അംഗീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.









































