ദുബൈ കെഎംസിസി ലീഗൽ സെൽ സംഘടിപ്പിക്കുന്ന വിപുലമായ ലീഗൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ രാജ്യസഭാ അംഗവും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാൻ എംപിക്ക് അബുദാബി എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി. ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറിയും ലീഗൽ സെൽ ചെയർമാനുമായ അഡ്വ. ഇബ്രാഹിം ഖലീലിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മുഹമ്മദ് ഷെബിൻ, ഷമീർ വെമ്മരം, മുഹമ്മദ് ജാസ്സിം തുടങ്ങിയവർ സംബന്ധിച്ചു.
നാളെ ഉച്ചക്ക് 2 മണിക്ക് അബൂഹയിലിലെ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ലീഗൽ സെമിനാർ അഡ്വ. ഹാരിസ് ബീരാൻ എംപി ഉദ്ഘാടനം ചെയ്യും. പ്രവാസികൾ അഭിമുഖീകരിക്കുന്ന വിവിധ നിയമ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകളും ബോധവൽക്കരണവും സെമിനാറിന്റെ ഭാഗമായി നടക്കും. സംഘാടക സമിതി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി അറിയിച്ചു.










