കോഴിക്കോട്: മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിം ലീഗ് നിർമിക്കുന്ന ഭവനങ്ങളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരി 28ന് നടക്കും. ആദ്യഘട്ടത്തിൽ കൈമാറുന്ന 51 വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.
മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെളളിത്തോട് പ്രദേശത്തെ 11.5 ഏക്കർ സ്ഥലത്താണ് വീടുകളുടെ നിർമാണം പുരോഗമിക്കുന്നത്. 1100 സ്ക്വയർ ഫീറ്റിൽ ആകെ 105 വീടുകളാണ് നിർമിക്കുന്നത്. ശുദ്ധജലം, വൈദ്യുതി, റോഡ് സൗകര്യം എന്നിവ ഉറപ്പാക്കിയ ശേഷമാണ് സ്ഥലം ഏറ്റെടുത്തത്.
ഗുണഭോക്താക്കളുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടപടികൾ. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വീടുകളുടെ താക്കോൽദാനം നിർവഹിക്കും. പ്രിയങ്ക ഗാന്ധി എം.പി ഉൾപ്പെടെ മുസ്ലിം ലീഗ് ദേശീയ-സംസ്ഥാന നേതാക്കളും യുഡിഎഫ് നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
ശേഷിക്കുന്ന വീടുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കി മെയ് 31നകം മുഴുവൻ ഗുണഭോക്താക്കൾക്കും കൈമാറാനാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.









































