കൊല്ലം: സോളാർ കേസുമായി ബന്ധപ്പെട്ട ജുഡീഷ്യൽ കമ്മീഷനോട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളുടെ പേര് പറയണമെന്നാവശ്യപ്പെട്ടതായി അഡ്വ. ഫെനി ബാലകൃഷ്ണൻ കോടതിയിൽ മൊഴി നൽകി.
കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അഡ്വ. സുധീർ ജേക്കബ് വാദിയായി അഡ്വ. ജോളി അലക്‌സ് മുഖേന ഫയൽ ചെയ്ത കേസിലാണ് ഫെനിയുടെ മൊഴി രണ്ടാം ദിവസവും രേഖപ്പെടുത്തിയത്. കേസിൽ ഒന്നാം പ്രതിയായി സരിത എസ്. നായര്‍, രണ്ടാം പ്രതിയായി കെ.ബി. ഗണേഷ് കുമാറിനും കോടതി നേരത്തെ സമൻസ് അയച്ചിരുന്നു. ഫെനി ബാലകൃഷ്ണൻ അഞ്ചാം സാക്ഷിയായാണ് മൊഴി നൽകിയത്.
ജുഡീഷ്യൽ കമ്മീഷനിൽ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് സരിത തന്നെ സമീപിച്ചതായും, നിലവിലെ യു.ഡി.എഫ് സർക്കാരിന് ‘പണി കൊടുക്കണം’ എന്ന നിലപാട് അവൾ വ്യക്തമാക്കിയതായും ഫെനി കോടതിയിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയുൾപ്പെടെ ചില നേതാക്കളുടെ പേരുകൾ പറയണമെന്ന് ആവശ്യപ്പെട്ടുവെന്നും മൊഴിയിൽ വ്യക്തമാക്കി.
സോളാർ കമ്മീഷനു സമർപ്പിച്ച ആദ്യ 21 പേജുള്ള കത്തിനുപകരം 25 പേജുള്ള കത്താണ് പിന്നീട് നൽകിയതെന്നും, അതിൽ ഉമ്മൻ ചാണ്ടി ഒന്നാം പ്രതിയായിരുന്നുവെന്നും ഫെനി വ്യക്തമാക്കി. കൂടാതെ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിവരുടെ പേരുകളും ഉൾപ്പെടുത്തിയിരുന്നുവെന്ന് മൊഴിയിൽ പറഞ്ഞു.
ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് കത്ത് തയ്യാറാക്കിയതെന്നും തനിക്ക് സഹായം നൽകിയാൽ പ്രയോജനം ഉണ്ടാകുമെന്നും പറഞ്ഞതായി ഫെനി ആരോപിച്ചു. എന്നാൽ സരിത പറഞ്ഞ പ്രകാരം താൻ മൊഴി നൽകിയിട്ടില്ലെന്നും കോടതിയിൽ വ്യക്തമാക്കി.
ഇതിനിടെ, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സോളാർ കേസിലെ വിചാരണ മാറ്റിവെക്കണമെന്ന ഗണേഷ് കുമാറിന്റെ വാദത്തിൽ കോടതി വിധി പറയാൻ മാർച്ച് 11ലേക്ക് മാറ്റി.










































