അബുദാബി: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകളിൽ വൻ ഇളവ് പ്രഖ്യാപിച്ച് അബുദാബി പൊലീസ്. ‘നേരത്തെ അടയ്ക്കൂ, തീർച്ചയായും നേടാം’ എന്ന പുതിയ ക്യാംപെയ്നിന്റെ ഭാഗമായി കൃത്യസമയത്ത് പിഴ അടയ്ക്കുന്നവർക്ക് 35 ശതമാനം വരെ ഇളവാണ് നൽകുന്നത്. റോഡ് സുരക്ഷാ സംസ്കാരം ശക്തിപ്പെടുത്തുകയും കുടിശ്ശിക പിഴകൾ കുറയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
നിയമലംഘനം നടന്നതിനു ശേഷം ആദ്യ 60 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്ക് ആകെ തുകയുടെ 35 ശതമാനം വരെ ഇളവ് ലഭിക്കും. എന്നാൽ അതീവ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് ഈ ആനുകൂല്യം ബാധകമല്ലെന്ന് പൊലീസ് വ്യക്തമാക്കി.
60 ദിവസത്തിനകം അടയ്ക്കാൻ സാധിക്കാത്തവർക്കും ആശ്വാസമുണ്ട്. നിയമലംഘന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ പിഴ അടയ്ക്കുകയാണെങ്കിൽ 25 ശതമാനം ഇളവ് ലഭിക്കും. ഒരു വർഷത്തെ കാലാവധി കഴിഞ്ഞാൽ ഇളവ് ലഭ്യമാകില്ല.
സാമ്പത്തിക ബാധ്യത പരിഗണിച്ച് പലിശരഹിത തവണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, അബുദാബി ഇസ്‌ലാമിക് ബാങ്ക്, മഷ്‌റെഖ് ബാങ്ക് എന്നിവ വഴി ഗഡുക്കളായി പിഴ അടയ്ക്കാം.
അബുദാബി പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ‘തമ്മ്’ (TAMM) സ്മാർട്ട് സർവീസ് പ്ലാറ്റ്ഫോം വഴിയോ പിഴ പരിശോധിക്കുകയും അടയ്ക്കുകയും ചെയ്യാം. താമസക്കാർക്ക് ബാധ്യതകൾ വേഗത്തിൽ തീർക്കാനുള്ള മികച്ച അവസരമാണിതെന്ന് അധികൃതർ അറിയിച്ചു.










































