കൊച്ചി: ഹൈകോടതി ശബരിമലയിലെ പടിപൂജ ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകൾ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടു. പടിപൂജ ബുക്കിങ്ങിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് നിർദേശം നൽകിയത്. കുംഭമാസ പൂജാകാലയളവിലെ അപര്യാപ്തതകളുമായി ബന്ധപ്പെട്ട് സ്പെഷൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചായിരുന്നു കോടതി നടപടി.
ചിലർ വ്യാജ വിലാസങ്ങൾ നൽകി പടിപൂജ ബുക്കിങ് സ്വന്തമാക്കി പിന്നീട് അതു മറിച്ച് വിൽക്കുന്നതായി ദേവസ്വം വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2045 വരെയുള്ള പടിപൂജ ബുക്കിങ് രജിസ്റ്ററുകളും അനുബന്ധ രേഖകളും പിടിച്ചെടുത്ത് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാനാണ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് (പോലീസ് സൂപ്രണ്ട്) കോടതി നിർദേശം നൽകിയിരിക്കുന്നത്.
കേസ് വീണ്ടും മാർച്ച് നാലിന് പരിഗണിക്കും.










































