ദുബൈ: നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ വേൾഡ് ട്രേഡ് സെന്‍റർ പ്രദേശത്ത് ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി 1,000 മീറ്റർ നീളമുള്ള പുതിയ പാലം ഗതാഗതത്തിനായി തുറന്നു. ശൈഖ് സായിദ് റോഡിനെയും ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ഈ പാലം ആർ.ടി.എ ആണ് തുറന്നത്.
വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട്‌എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായാണ് രണ്ടു ലെയിനുകളുള്ള പാലം നിർമ്മിച്ചത്. മണിക്കൂറിൽ ഏകദേശം 3,000 വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. ഇതോടെ ശൈഖ് സായിദ് റോഡിൽ നിന്ന് അൽ കറാമ, ദേര ഭാഗങ്ങളിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് ഏകദേശം ഒരു മിനിറ്റായി ചുരുങ്ങും.
പദ്ധതി ദുബൈയിലെ പ്രധാന ഇന്റർസെക്ഷൻ നവീകരണങ്ങളിൽ ഒന്നാണെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ വ്യക്തമാക്കി. വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട്‌എബൗട്ട് ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് റാശിദ് സ്ട്രീറ്റ്, ഡിസംബർ 2 സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുടെ സംഗമസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്.
പദ്ധതിയുടെ ആകെ പുരോഗതി ഇതിനകം 60 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. മൂന്ന് പാലങ്ങൾ ഗതാഗതത്തിന് തുറന്നുകഴിഞ്ഞു. ശേഷിക്കുന്ന രണ്ട് പാലങ്ങൾ ഒക്ടോബറിൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്.
ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് പാലങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. നിലവിലുള്ള റൗണ്ട്‌എബൗട്ട് സിഗ്നൽ സംവിധാനമുള്ള ജംഗ്ഷനാക്കി മാറ്റുന്നതും പദ്ധതിയുടെ ഭാഗമാണ്. പദ്ധതി പൂർണമായും പൂർത്തിയായാൽ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി കുറയുമെന്ന് അധികൃതർ അറിയിച്ചു.
ദുബൈ വേൾഡ് ട്രേഡ് സെന്‍റർ, ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ എന്നിവയുൾപ്പെടെ പ്രധാന വ്യാപാര കേന്ദ്രങ്ങൾക്കും സഅബീൽ, അൽ സത്‌വ, അൽ കറാമ, അൽ ജഫിലിയ്യ, അൽ മൻകൂൽ മേഖലകളിലെ ആയിരക്കണക്കിന് താമസക്കാരനും സന്ദർശകർക്കും ഈ വികസന പദ്ധതി ഗുണകരമാകും.
English Summary:
Dubai’s Roads and Transport Authority (RTA) has opened a new 1,000-meter bridge at the World Trade Centre Roundabout, connecting Sheikh Zayed Road and Sheikh Khalifa Bin Zayed Street. The project is expected to significantly reduce travel time and ease traffic congestion in one of the city’s busiest areas.










































