കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും ആറുതവണ വടകര ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1971ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ നിന്ന് വിജയിച്ച അദ്ദേഹം 1977, 1980, 1984, 1989, 1991 വർഷങ്ങളിലും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1989-90 കാലഘട്ടത്തിൽ വി.പി. സിങ് മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം ഉപരിഗതാഗത-വാർത്തവിനിമയ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഗൾഫ് യുദ്ധകാലത്ത് വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചതും ശ്രദ്ധേയമാണ്.
1936 സെപ്റ്റംബർ 20ന് കോയമ്പത്തൂരിൽ ജനിച്ച അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളജ്, മദ്രാസ് ലോ കോളജ് എന്നിവിടങ്ങളിൽ പഠനം നടത്തി. വിദ്യാർത്ഥി കാലത്ത് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലൂടെയാണ് പൊതുജീവിതത്തിലേക്ക് കടന്നത്. പിന്നീട് കോൺഗ്രസിൽ ചേർന്ന് ദേശീയ തലത്തിൽ പ്രമുഖ നേതാവായി ഉയർന്നു.
‘ബ്ലിറ്റ്സ്’, ‘ശങ്കേഴ്സ് വീക്കിലി’, ‘ടൈംസ് ഓഫ് ഇന്ത്യ’, ‘മാതൃഭൂമി’ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പത്രപ്രവർത്തകനായും പ്രവർത്തിച്ചു. മികച്ച വാഗ്മിയുമായും നയതന്ത്രജ്ഞനുമായും അറിയപ്പെട്ടിരുന്ന അദ്ദേഹം ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.














































