ദുബൈ: നഗരത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്ന തൊഴിലാളികൾക്ക് റമദാൻ മാസത്തിൽ കൈത്താങ്ങായി ‘ഗുഡ്‌നെസ് ബസ്’ (നന്മയുടെ ബസ്) വീണ്ടും സേവനത്തിലേക്ക്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA)യുടെ നേതൃത്വത്തിൽ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകുന്നതിനാണ് പദ്ധതി.

ബൈത് അൽ ഖൈർ സൊസൈറ്റി, ദുബായ് ചാരിറ്റി അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് ജീവകാരുണ്യ ദൗത്യം ഏകോപിപ്പിക്കുന്നത്. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തി ഇഫ്താർ കിറ്റുകൾ കൈമാറുകയാണ് ലക്ഷ്യം.

അൽ ഖൂസ്, വാർസാൻ, ജബൽ അലി, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (DIP), മുഹൈസിന, അൽ തായ് തുടങ്ങിയ പ്രധാന ലേബർ ക്യാമ്പ് മേഖലകളിലാണ് ‘ഗുഡ്‌നെസ് ബസ്’ പര്യടനം നടത്തുന്നത്. ഓരോ ദിവസവും നിശ്ചിത സമയക്രമത്തിൽ എത്തുന്ന ബസിൽ നിന്ന് ആയിരക്കണക്കിന് ഇഫ്താർ ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്.

റമദാനിന്റെ പുണ്യമാസത്തിൽ സഹാനുഭൂതി, പങ്കുവെയ്ക്കൽ, സാഹോദര്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. “ഈ റമദാനിൽ… നൽകാം, പങ്കിടാം, സേവിക്കാം” എന്ന സന്ദേശവുമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ചാണ് പദ്ധതി മുന്നോട്ട് പോകുന്നത്.



കുടുംബങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന കഠിനാധ്വാനികളായ തൊഴിലാളികൾക്ക് നോമ്പുകാലത്ത് ഈ കരുതൽ വലിയ ആശ്വാസമാണ്. ഭക്ഷണവിതരണത്തിന് അപ്പുറം, ദുബായ് നഗരത്തിന്റെ മാനുഷികമുഖത്തെ പ്രതിഫലിപ്പിക്കുന്ന പദ്ധതിയായാണ് ‘ഗുഡ്‌നെസ് ബസ്’ വിലയിരുത്തപ്പെടുന്നത്.
മുൻ വർഷങ്ങളിലും റമദാൻ കാലത്ത് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയിരുന്നു. തുടർച്ചയായ ഈ സേവനത്തിലൂടെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് സഹായം ലഭിച്ചതായി അധികൃതർ അറിയിച്ചു.
English Summary
Dubai’s General Directorate of Identity and Foreigners Affairs (GDRFA) has relaunched the ‘Goodness Bus’ initiative during Ramadan 2026 to distribute Iftar meals to workers residing in labour camps across the emirate. In collaboration with Beit Al Khair Society and Dubai Charity Association, the initiative delivers thousands of meal packages daily to key worker accommodation areas including Al Quoz, Warsan, Jebel Ali, Dubai Investment Park (DIP), Muhaisnah, and Al Tayy. Previously implemented in earlier years, the Goodness Bus reflects Dubai’s continued commitment to social responsibility, compassion, and community support during the holy month of Ramadan, offering comfort and care to thousands of expatriate workers.














































