കൊല്ലം: ജാമ്യത്തിൽ പുറത്തിറങ്ങിയ ഗുണ്ടാ നേതാവിനെ നടുറോഡിൽ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി.
ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുലിനെയാണ് കൊല്ലം കരുനാഗപ്പള്ളിയിൽ ആക്രമിച്ച് കൊലപ്പെടുത്തിയത്. പോലീസ് സ്റ്റേഷനിൽ ഒപ്പുവച്ച് മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.
ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പഴയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതുലിന്റെ കാറിനെ ആദ്യം ദേശീയപാത നിർമാണത്തിനായി ഒരുക്കിയ താഴ്ചയിലേക്ക് ഇടിച്ചുവീഴ്ത്തി, തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറോളം പേർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ചിലാണ് ജിം സന്തോഷ് കൊല്ലപ്പെട്ടത്. ആ കേസിലെ മുഖ്യപ്രതിയായിരുന്നു അതുൽ. സംഭവത്തിന് ശേഷം ഒളിവിൽ പോയ അതുലിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








































