മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണ്. സംസ്ഥാന ഭാരവാഹികളുമായി നടത്തിയ കൂടിയാലോചനകൾ തിങ്കളാഴ്ച മലപ്പുറത്ത് നടന്നു.
ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും മലപ്പുറം ജില്ല പ്രസിഡന്റ് അബ്ബാസലി തങ്ങളും സംസ്ഥാന ഭാരവാഹികളെ പ്രത്യേകം വിളിച്ച് അഭിപ്രായം തേടി. മലപ്പുറം ജില്ല മുസ്ലിം ലീഗ് ഓഫിസായ പി.എം.എസ്.എ. പൂക്കോയ തങ്ങൾ സൗധത്തിലാണ് രാവിലെ മുതൽ ചർച്ചകൾ നടന്നത്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഡൽഹിയിൽ മുതിർന്ന നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, പി.വി. അബ്ദുൽ വഹാബ് എന്നിവരുമായി സാദിഖലി തങ്ങൾ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാന ഭാരവാഹികളുമായി വിശദമായ ആശയവിനിമയം നടത്തിയത്. ചൊവ്വാഴ്ച ജില്ല ഭാരവാഹികളുമായും സാദിഖലി തങ്ങളും അബ്ബാസലി തങ്ങളും കൂടിക്കാഴ്ച നടത്തും. തുടർന്ന് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത.
പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തിലേക്ക് മാറാൻ ധാരണയായെന്നാണ് വിവരം. കെ.എം. ഷാജിയെ വേങ്ങരയിലും പി.കെ. ഫിറോസിനെ കൊടുവള്ളിയിലും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എൻ. ഷംസുദ്ദീൻ മണ്ണാർക്കാട് മണ്ഡലത്തിൽ തുടരുമെന്നും സൂചനയുണ്ട്.
അതേസമയം കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള സീറ്റ് വെച്ചുമാറ്റം സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുകയാണ്. ഡൽഹിയിലുള്ള കോൺഗ്രസ് നേതാക്കളുമായി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. തിരുവമ്പാടി മണ്ഡലത്തിന് പകരം തവനൂർ ലീഗിന് നൽകുന്നതിനോട് കോൺഗ്രസ് സംസ്ഥാന നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചതായി സൂചനയുണ്ട്.
എന്നാൽ മലപ്പുറം ജില്ലയിലെ ചില കോൺഗ്രസ് നേതാക്കൾ ഇതിനെതിരെ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. തവനൂർ ലീഗിന് നൽകിയാൽ തിരുവമ്പാടിയിൽ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയെ മത്സരിപ്പിക്കുമെന്നതാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്.
കോൺഗ്രസുമായുള്ള സീറ്റ് ചർച്ചകൾ പൂർത്തിയായതായി ലീഗ് നേതൃയോഗത്തിന് ശേഷം സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും അറിയിച്ചു. തവനൂർ സീറ്റിനെക്കുറിച്ചുള്ള അനിശ്ചിതത്വം മാറിയാൽ മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക ചൊവ്വാഴ്ച വൈകിട്ടോടെ പ്രഖ്യാപിക്കാനാണ് സാധ്യത.










































