ഷാർജ: കോട്ടയം കുറുവിലങ്ങാട് സ്വദേശി ഡോ. സണ്ണി കുര്യന് ഷാർജ എക്സലൻസ് അവാർഡ്. ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ആൽഖാസിമി ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. ഈ വർഷം അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട 17 പേരിൽ ഏക ഇന്ത്യക്കാരനാണ് ഡോ. സണ്ണി.

36 വർഷമായി ഷാർജയിൽ സേവനമനുഷ്ഠിക്കുന്ന ശിശുരോഗ വിദഗ്ധനായ അദ്ദേഹം, കഴിഞ്ഞ വർഷങ്ങളിൽ ജീറിയാട്രിക്സ് മേഖലയിലും പാരമ്പര്യചികിത്സയിലും ശ്രദ്ധകേന്ദ്രീകരിച്ചു. സണ്ണി വെൽനെസ് എന്ന പേരിൽ പാശ്ചാത്യ-പാരമ്പര്യ ചികിത്സാ സമന്വയത്തോടെ നിരവധി സേവനങ്ങൾ നടത്തുകയാണ്.ഇതിനുമുമ്പ് അദ്ദേഹത്തിന്റെ ക്ലിനിക്ക് രണ്ട് തവണ ഷാർജ ചേംബർ ഓഫ് കോമേഴ്സ് അവാർഡ് നേടിയിരുന്നു.

കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി ഷാർജയുടെ സാമ്പത്തിക പുരോഗതിയ്ക്കായി ഡോ സണ്ണി നടത്തുന്ന നിരന്തര പരിശ്രമങ്ങളുടേയും അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ്റെയും ദൃഷ്ടാന്തമാണ് മൂന്നാം തവണയും ലഭിച്ച ഈ ഷാർജ എക്സലൻസ് പുരസ്കാരം. നിലവിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലായി മെഡിക്കൽ സെന്ററുകളും ഫാർമസികളും സണ്ണി ഗ്രൂപ്പ് നടത്തിവരുന്നു.ഭാര്യ ഡോ. മീറാ ഗോപി കുര്യൻ, മക്കൾ ഡോ. ശ്വേത കുര്യൻ, ശിഖ കുര്യൻ. മുൻ ധനമന്ത്രി കെ.എം. മാണിയുടെ കൊച്ചുമകൻ പോൾ, ഡോ. സണ്ണിയുടെ മരുമകനാണ്.
