ദുബായ് :പ്രവാസികള്‍ക്കായുളള നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍ഡിപിആര്‍ഇഎം), സംരംഭക വായ്പാ പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്.ബി.ഐ) തമ്മില്‍ കരാര്‍ പുതുക്കി. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സിനു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു വേണ്ടി ഡെപ്യുട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് ഉമറും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. മൂന്നു വര്‍ഷത്തേയ്ക്കാണ് കരാര്‍ പുതുക്കിയത്. കേരളത്തിലെ 1200 എസ് ബി ഐ ബ്രാഞ്ചുകളില്‍ നിന്നും പ്രവാസികള്‍ക്ക് എൻഡിപിആർഇഎം പദ്ധതിയുടെ സേവനം തുടര്‍ന്നും ലഭിക്കും. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് എന്‍ഡിപിആര്‍ഇഎം. എസ്.ബി.ഐ ഉള്‍പ്പെടെ സംസ്ഥാനത്തെ 17 ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസി കള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും പദ്ധതി പ്രയോജനപ്പെടുത്താം. ടാക്‌സി സര്‍വീസിനുള്ള വാഹനങ്ങള്‍ വാങ്ങുന്നതിനും എംഎസ്എംഇ പ്രകാരമുള്ള സേവനങ്ങള്‍/ നിര്‍മാണ പ്രവര്‍ത്തനം, കാര്‍ഷിക മേഖല, ചില്ലറ വില്‍പ്പന തുടങ്ങിയ സംരംഭങ്ങള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.

സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപവരെയുളള വായ്പകള്‍ പദ്ധതിവഴി ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും മുന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. നോര്‍ക്ക റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റു വഴി അപേക്ഷ നല്‍കാം. പദ്ധതിക്ക് ആവശ്യമായ പരിശീലനം, ബാങ്കിലേക്ക് ആവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നീ സേവനങ്ങളും നോര്‍ക്ക റൂട്ട്സ് സൗജന്യമായി നല്‍കുന്നു. എന്‍ഡിപിആര്‍ഇഎം പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.