ദുബായ്: ഈദ് അൽ ഫിത്തർ അവധിക്കാലത്ത് ദുബായ് വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ സേവന നടപടികൾ ഉന്നത ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ചെറിയ പെരുന്നാളിന്റെ ആദ്യ ദിനത്തിൽ ജി.ഡി.ആർ.എഫ്.എ (GDRFA) ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
സന്ദർശനത്തിനിടെ വിമാനത്താവളങ്ങളിലെ ഡിജിറ്റൽ സംവിധാനങ്ങളുടെ കാര്യക്ഷമത, യാത്രാ നടപടികളുടെ വേഗത, യാത്രക്കാരുടെ സൗകര്യങ്ങൾ എന്നിവ വിശദമായി പരിശോധിച്ചു. ജി.ഡി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിൽ പങ്കെടുത്തു.


ദുബായുടെ ആഗോള നിലവാരത്തിന് അനുസൃതമായി യാത്രക്കാർക്ക് വേഗത്തിലുള്ളതും തടസ്സങ്ങളില്ലാത്തതുമായ സേവനം ഉറപ്പാക്കുന്നതിൽ ജി.ഡി.ആർ.എഫ്.എ പ്രതിബദ്ധമാണെന്ന് മുഹമ്മദ് അൽ മർറി വ്യക്തമാക്കി. ഫീൽഡ് ടീമുകളുടെ സജ്ജീകരണവും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും മികച്ച സേവനത്തിനുള്ള നിർണായക ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.


വിമാനത്താവളത്തിലെ പാസ്‌പോർട്ട് കൺട്രോൾ ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും സന്ദർശിച്ച അദ്ദേഹം, അവരുടെ സമർപ്പണത്തിനും പ്രൊഫഷണലിസത്തിനും അഭിനന്ദനം രേഖപ്പെടുത്തി. ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും ഈദ് ആശംസകൾ നേർന്ന അദ്ദേഹം യാത്രക്കാരുടെ സൗകര്യത്തിനായി ജീവനക്കാർ നടത്തുന്ന പരിശ്രമങ്ങൾ പ്രശംസനീയമാണെന്നും കൂട്ടിച്ചേർത്തു.

യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി ജി.ഡി.ആർ.എഫ്.എ നടത്തുന്ന നിരന്തര ഫീൽഡ് പരിശോധനകളുടെ ഭാഗമായാണ് ഈ സന്ദർശനം. ഈദ് ദിനത്തിലും വലിയ തോതിൽ യാത്രക്കാരാണ് ദുബായ് വിമാനത്താവളം ഉപയോഗിച്ചത്.














































