പ്രതിമാസം 1,500 ദിർഹത്തിൽ താഴെ വരുമാനമുള്ള യു.എ.ഇ നിവാസികൾക്ക് ഡോക്ടർ നിർദേശിക്കുന്ന അവശ്യമരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്ന സി.എസ്.ആർ പദ്ധതി.
ദുബായ്, യു.എ.ഇ — യു.എ.ഇയിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് അവശ്യമരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്ന ‘മെഡ് ആക്സസ് – മെഡിസിൻ അസിസ്റ്റൻസ് പ്രോഗ്രാം’ പദ്ധതിക്ക് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തുടക്കമിട്ടു. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ (സി.എസ്.ആർ) വിഭാഗത്തിന് കീഴിൽ കേരള മുസ്ലിം കൾച്ചറൽ സെന്ററുമായി (കെ.എം.സി.സി) സഹകരിച്ചാണ് ഈ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. പ്രതിമാസം 1,500 ദിർഹത്തിൽ താഴെ വരുമാനമുള്ളവരും ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ വാങ്ങാൻ സാമ്പത്തിക പ്രയാസം നേരിടുന്നവരുമായ വ്യക്തികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
സഹായത്തിന് അർഹരായവർ സാധുവായ മെഡിക്കൽ പ്രിസ്ക്രിപ്ഷൻ, വരുമാന സർട്ടിഫിക്കറ്റ്, എമിറേറ്റ്സ് ഐഡി എന്നിവ പരിശോധനയ്ക്കായി കെ.എം.സി.സിക്ക് സമർപ്പിക്കണം. രേഖകൾ പരിശോധിച്ച് അർഹത ഉറപ്പാക്കിയ ശേഷം, കെ.എം.സി.സി നിശ്ചിത ഫാർമസി പങ്കാളിയുമായി ഏകോപിപ്പിച്ച് കുറിപ്പടിയിലെ മരുന്നുകൾ ശേഖരിക്കുകയും ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുകയും ചെയ്യും.
ചികിത്സാ ചെലവുകൾ മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത ലഘൂകരിക്കുക, അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക, സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുക എന്നിവയാണ് ഈ സംയുക്ത സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.










