കൊച്ചി (പറവൂർ): മുഖ്യമന്ത്രിയുടെ പി.ആർ പ്രചാരണ രാഷ്ട്രീയത്തെ യു.ഡി.എഫ് പൊളിച്ചടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന്റെ ദുര്‍ഭരണം ജനജീവിതത്തെ ഗുരുതരമായി ബാധിച്ചുവെന്നും വിലക്കയറ്റം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 12 മാസമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളമെന്ന് സതീശൻ ആരോപിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ യാതൊരു ഫലപ്രദമായ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സപ്ലൈകോയുടെ വിപണി ഇടപെടൽ തകർന്ന നിലയിലാണെന്നും അദ്ദേഹം വിമർശിച്ചു.
ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് കോടികൾ ചെലവഴിച്ച് സർക്കാർ പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തിയതെന്നും ഇത് കള്ളപ്രചാരണമാണെന്നും സതീശൻ പറഞ്ഞു. കിഫ്ബി പദ്ധതിയിൽ 1.10 ലക്ഷം കോടി രൂപ ചെലവഴിച്ചെന്നത് തെറ്റായ പ്രചാരണമാണെന്നും യഥാർത്ഥത്തിൽ 38,000 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
പത്തു വർഷമായി റേഷൻ മുടങ്ങാതെ വിതരണം നടത്തിയെന്ന സർക്കാർ അവകാശവാദവും തെറ്റാണെന്ന് സതീശൻ വ്യക്തമാക്കി. കേരളത്തിൽ മുൻ സർക്കാരുകളുടെ കാലത്തും പൊതുവിതരണ സംവിധാനം തടസ്സമില്ലാതെ പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ച സംഭവവും അദ്ദേഹം പരാമർശിച്ചു. ആരോഗ്യരംഗം വെന്റിലേറ്ററിലല്ല, മോർച്ചറിയിലാണെന്നത് ജനങ്ങളുടെ അഭിപ്രായമാണെന്നും എല്ലാ മേഖലകളിലും സർക്കാർ പരാജയപ്പെട്ടുവെന്നും സതീശൻ വിമർശിച്ചു.
ഇത്തരത്തിലുള്ള പി.ആർ പ്രചാരണങ്ങളെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തിരിച്ചറിയുമെന്നും യു.ഡി.എഫ് ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








































