മലപ്പുറം: മങ്കട മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്. എൽ.ഡി.എഫ് സ്ഥാനാർഥിയായ എം.പി. അലവി സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുന്നതായി സ്ഥിരീകരിച്ചു. മുസ്ലിം ലീഗ് വിമതനായ കുന്നത്ത് മുഹമ്മദിന് പിന്തുണ നൽകാനാണ് ഇടതുമുന്നണി തീരുമാനം.
ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സംസ്ഥാന നേതൃത്വം ഉടൻ നടത്തുമെന്നാണ് സൂചന. മങ്കടയിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായ മഞ്ഞളാം കുഴി അലിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് എം.പി. അലവി വ്യക്തമാക്കി.
“മഞ്ഞളാംകുഴി അലി ചതിച്ചു പോയതാണ്. അതിന് രാഷ്ട്രീയ മറുപടി നൽകേണ്ടതുണ്ട്. കുന്നത്ത് മുഹമ്മദ് ഇതിനകം പത്രിക സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എന്റെ സ്ഥാനാർഥിത്വത്തിന് പ്രസക്തിയില്ല,” എന്ന് അലവി പറഞ്ഞു.
കുന്നത്ത് മുഹമ്മദ് സമസ്തയുമായി അടുത്ത ബന്ധമുള്ള കുടുംബത്തിൽ നിന്നുള്ള ആളാണെന്നും, സമസ്ത വോട്ടുകൾ അദ്ദേഹത്തിന് അനുകൂലമാകുമെന്നും അലവി വിലയിരുത്തി. സ്ഥാനാർഥി പിൻവാങ്ങുന്നതിലൂടെ പ്രവർത്തകർക്ക് വിഷമമുണ്ടാകാമെങ്കിലും, “വോട്ട് വ്യക്തിക്ക് അല്ല, എൽ.ഡി.എഫിനാണ്” എന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഞ്ഞളാംകുഴി അലിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന കുന്നത്ത് മുഹമ്മദ് വിമത സ്ഥാനാർഥിയായി രംഗത്തെത്തുകയായിരുന്നു. എൽ.ഡി.എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ നീക്കത്തോടെ മങ്കടയിലെ പോരാട്ടം കൂടുതൽ സങ്കീർണമാകുകയും രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റം സംഭവിക്കുമെന്നുമാണ് വിലയിരുത്തൽ.









































