അബൂദബി: പരിശോധന നടപടികൾ ശക്തമാക്കിയതോടെ രാജ്യത്ത് വ്യാജ സ്വദേശിവത്കരണ നിയമനങ്ങളിൽ വൻ കുറവ് രേഖപ്പെടുത്തിയതായി UAE Ministry of Human Resources and Emiratisation അറിയിച്ചു. കഴിഞ്ഞ വർഷം ഇത്തരം നിയമലംഘനങ്ങളിൽ 65 ശതമാനം കുറവാണ് ഉണ്ടായത്.
സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രാലയം 6.95 ലക്ഷം പരിശോധനകൾ നടത്തി. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് 3,000 സംയുക്ത പരിശോധന ക്യാമ്പയിനുകളും സംഘടിപ്പിച്ചു. ഇതിന്റെ ഫലമായി നിയമപാലനത്തിൽ 34 ശതമാനം വർധനയും മൊത്തത്തിലുള്ള നിയമലംഘനങ്ങളിൽ 13 ശതമാനം കുറവും രേഖപ്പെടുത്തി.
ഡാറ്റ അനാലിറ്റിക്സും കൃത്രിമ ബുദ്ധിയും ഉപയോഗിച്ച് നിയമലംഘനങ്ങൾ കൂടുതൽ കാര്യക്ഷമമായി കണ്ടെത്താനും വേഗത്തിൽ നടപടി സ്വീകരിക്കാനും കഴിഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികളുടെ ക്ഷേമം വർധിപ്പിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായി താമസവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ 30 ശതമാനം കുറവുണ്ടായി. കർശനമായ പരിശോധനയും സാങ്കേതിക ഇടപെടലുകളും ചേർന്ന് യുഎഇയിൽ കൂടുതൽ സുസ്ഥിരവും നിയമാനുസൃതവുമായ തൊഴിൽ വിപണി രൂപപ്പെടുന്നതിന് സഹായകമായതായി മന്ത്രാലയം വിലയിരുത്തി.















































