തിരുവനന്തപുരം: ഹുർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടയിൽ, കേരളത്തിലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ ഉയർത്തിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ.
ഹുർമുസ് പ്രതിസന്ധി ആഗോള ഷിപ്പിങ് കമ്പനികളെ ബദൽ മാർഗങ്ങൾ തേടാൻ നിർബന്ധിതരാക്കിയതോടെ, വിഴിഞ്ഞം തുറമുഖം പുതിയ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി ഉയർന്ന് വരുന്നതായി തരൂർ പറഞ്ഞു. “ആഗോള ഷിപ്പിങ് കണ്ണുകൾ ഇപ്പോൾ എന്റെ മണ്ഡലത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്,” എന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
നിലവിൽ ഏകദേശം 100 കപ്പലുകൾ വിഴിഞ്ഞത്ത് എത്താനോ നങ്കൂരമിടാനോ കാത്തുനിൽക്കുന്നതായി വിവരമുണ്ട്. ഇത് ആഗോള ചരക്ക് ഗതാഗതത്തിൽ സംഭവിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയുടെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞം വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ വൻ മുന്നേറ്റം കൈവരിച്ചു.
റെക്കോർഡ് സമയത്തിനുള്ളിൽ 10 ലക്ഷം ടി.ഇ.യു (Twenty-foot Equivalent Unit) കൈകാര്യം ചെയ്തതോടെ തുറമുഖം ആഗോളതലത്തിൽ ശ്രദ്ധ നേടി. 2026 മാർച്ചിൽ മാത്രം 61 കപ്പലുകൾ കൈകാര്യം ചെയ്തതും വളർച്ചയുടെ സൂചനയാണ്.
കപ്പലുകളുടെ വർധിച്ച തിരക്ക് പരിഗണിച്ച് രണ്ടാം ഘട്ട വികസനം അതിവേഗം പുരോഗമിക്കുകയാണ്. ഒരേസമയം അഞ്ച് മദർ ഷിപ്പുകളെ സ്വീകരിക്കാൻ കഴിയുന്ന രീതിയിലാണ് വിപുലീകരണം.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിമർശനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ വിഴിഞ്ഞം ഒരു ആഗോള ആസ്തിയായി മാറിയതായി തരൂർ ചൂണ്ടിക്കാട്ടി. സിംഗപ്പൂർ, കൊളംബോ പോലുള്ള പ്രമുഖ തുറമുഖങ്ങളുമായി മത്സരിക്കാൻ കഴിയുന്ന നിലവാരത്തിലേക്ക് വിഴിഞ്ഞം എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള പ്രതിസന്ധികളെ ഇന്ത്യയ്ക്ക് അനുകൂലമായ അവസരങ്ങളാക്കി മാറ്റാനുള്ള സാധ്യതയാണ് വിഴിഞ്ഞം തുറമുഖം തുറന്നുകൊടുക്കുന്നതെന്നും, ഭാവിയിൽ ഇന്ത്യയുടെ സമുദ്രവ്യാപാര രംഗത്തെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നും തരൂർ വിലയിരുത്തി.








































