കോഴിക്കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ സംഭവങ്ങൾ ആശങ്കാജനകമായി ഉയരുന്നു. ഇന്നലെ മാത്രം 29 പേരെയാണ് കനിവ് 108 ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് എത്തിച്ചത്. ഇതിൽ 21 പേർക്ക് പാമ്പുകടി സ്ഥിരീകരിച്ചപ്പോൾ, എട്ട് കേസുകളിൽ കൂടുതൽ പരിശോധനകൾക്കുശേഷം മാത്രമേ വ്യക്തതയുണ്ടാകൂ.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. ഇവിടെ അഞ്ച് പേർക്ക് പാമ്പുകടി സ്ഥിരീകരിക്കുകയും മൂന്ന് പേർ സംശയാസ്പദ സാഹചര്യത്തിൽ ചികിത്സ തേടുകയും ചെയ്തു. തൊട്ടുപിന്നിൽ തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്- മൂന്ന് സ്ഥിരീകരിച്ചും രണ്ട് സംശയാസ്പദവുമായ അഞ്ച് സംഭവങ്ങൾ.
ഇതുകൂടാതെ ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളിൽ രണ്ട് കേസുകൾ വീതവും, പാലക്കാട്, വയനാട്, കോട്ടയം ജില്ലകളിൽ ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തു. അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യങ്ങളിലും മറ്റ് ആശുപത്രികളിൽ നിന്നുള്ള റഫറൽ കേസുകളിലും 108 ആംബുലൻസുകൾ നിർണായക പങ്കുവഹിച്ചു.
ഇതിനിടെ കോഴിക്കോട് കുറ്റ്യാടിയിൽ നിന്നൊരു ആശങ്കാജനക സംഭവം കൂടി റിപ്പോർട്ട് ചെയ്തു. ഒരു വീട്ടിൽനിന്ന് അഞ്ചു ശംഖുവരയൻ പാമ്പുകളെ കണ്ടെത്തി. മീത്തലെ കാപ്പുമ്മൽ രമേശന്റെ വീട്ടിലാണ് സംഭവം. ഒരു വയസ്സുകാരനും എട്ടുവയസ്സുകാരിയും ഉറങ്ങിയിരുന്ന കട്ടിലിന്റെ തലയണക്കീഴിൽ നിന്നാണ് ആദ്യം പാമ്പിനെ കണ്ടെത്തിയത്.
തുടർന്ന് വീട്ടിലെ മറ്റു ഭാഗങ്ങൾ പരിശോധിക്കുമ്പോൾ ബാത്ത്‌റൂമിലും മറ്റും കൂടി പാമ്പുകളെ കണ്ടെത്തി. രാത്രി നാട്ടുകാർ ചേർന്ന് നടത്തിയ പരിശോധനയിൽ ആകെ അഞ്ചു പാമ്പുകളെയാണ് കണ്ടെത്തിയത്. സിമന്റ് പൂശിയും ടൈൽ പാകിയും സുരക്ഷിതമെന്ന് കരുതിയ വീടിനുള്ളിൽ പോലും പാമ്പുകൾ എത്തിയ സംഭവം നാട്ടുകാരിൽ ആശങ്ക വർധിപ്പിച്ചു.
ചൂട് കൂടുന്നതോടെ പാമ്പുകൾ മനുഷ്യവാസ പ്രദേശങ്ങളിലേക്ക് എത്തുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണ് എന്ന് ആരോഗ്യവകുപ്പും രക്ഷാപ്രവർത്തകരും മുന്നറിയിപ്പ് നൽകി.







































