ഷാർജ: എമിറ്റേിലെ ദിബ്ബ അൽ ഹിസനിൽ 6,350 ചതുരശ്ര മീറ്ററിൽ വനിതകൾക്ക് വേണ്ടി മാത്രമായുള്ള ബീച്ച് പാർക്കിന്‍റെ നിർമാണം പൂർത്തീകരിച്ച് ഷാർജ പൊതുമരാമത്ത് വകുപ്പ്. സ്ത്രീകളുടെ വിനോദ, സേവന സൗകര്യങ്ങൾ വികസിപ്പിക്കുകയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് പുതിയ ബീച്ച് പാർക്കിന്‍റെ നിർമാണം.
സാമൂഹികവും കായികപരവും വിനോദപരവുമായ പ്രവർത്തനങ്ങൾക്കുള്ള സംയോജിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന രണ്ട് വിഭാഗങ്ങളുള്ള കെട്ടിടത്തിന്‍റെ നിർമാണം ഉൾകൊള്ളുന്നതാണ് ബീച്ച് വികസന പദ്ധതി. ഫിറ്റ്‌നസ് ഹാൾ, ക്രിയേറ്റിവിറ്റി ഹാൾ, കഫേ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, ക്ലിനിക്, പ്രാർഥന മുറി, ഗാർഡ് റൂമുകൾ എന്നിവയാണ് കെട്ടിടത്തിൽ ഉൾപ്പെടുന്ന സൗകര്യങ്ങൾ. കായിക, വിനോദ പ്രവർത്തനങ്ങൾക്കായി സുരക്ഷിതമായ റബർ ഷീറ്റ് പാകിയ തറയോട് കൂടിയ തണലുള്ള കളിസ്ഥലം, വാട്ടർഫ്രണ്ട് വരെ നീളുന്ന റബർ ജോഗിങ് ട്രാക്ക് എന്നിവ സജ്ജമാണ്. ശക്തമായ തിരയിൽ നിന്ന് ബീച്ചിനെ സംരക്ഷിക്കുന്നതിനായി 200 മീറ്റർ നീളത്തിൽ കരിങ്കൽ ഭിത്തിയും നിർമിച്ചിട്ടുണ്ട്.
സ്വകാര്യത ഉറപ്പാക്കാനായി മൂന്ന് മീറ്റർ ഉയരത്തിലാണ് വേലി കെട്ടിയിരിക്കുന്നത്. കൂടാതെ ലൈഫ് ഗാർഡുകൾക്കുള്ള ടവറുകളും കുളിക്കാനുള്ള സ്ഥലവും സർവിസ് റൂമുകളും നിർമിച്ചിട്ടുണ്ട്.









