റാസല്‍ഖൈമ: നടപ്പ് വര്‍ഷം ആദ്യ പാദത്തില്‍ റാസല്‍ഖൈമയിലെ സാമ്പത്തിക ലൈസന്‍സുകളുടെ മൂലധനത്തില്‍ 15.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി അധികൃതര്‍. ആകെ നിക്ഷേപം 11.497 ശതകോടി ദിർഹമിലെത്തി. ലൈസന്‍സുകളില്‍ 62.3 ശതമാനവും വാണിജ്യ മേഖലയിലാണെന്നതും ശ്രദ്ധേയമാണ്. ഉല്‍പ്പാദന-സേവന മേഖലയിലെ വിപുലീകരണം സൂചിപ്പിക്കുന്നതാണ് ഈ രംഗത്തെ ദ്രുത വളര്‍ച്ച.
വ്യവസായ-സേവന മേഖല കേന്ദ്രീകരിച്ചും പുതിയ ലൈസന്‍സുകളില്‍ വര്‍ധന രേഖപ്പെടുത്തി. ഇന്‍ഡസ്ട്രിയല്‍ മേഖല 19.3ഉം പ്രഫഷനല്‍ സേവന മേഖല 18.2 ശതമാനവുമാണ് ലൈസന്‍സ് വിഹിതം. കാര്‍ഷിക ലൈസന്‍സുകള്‍ ഏറ്റവും ചെറിയ വിഹിതമാണ് രേഖപ്പെടുത്തിയത്. ബിസിനുകള്‍ക്ക് ഏറ്റവും ആകര്‍ഷകമായ മേഖലയായി അല്‍ നഖീല്‍ മുന്നിലെത്തി.
തൊട്ടു പിറകിലുള്ള അല്‍ ജസീറ അല്‍ ഹംറ, ഖുസൈദാത്ത് മേഖലകള്‍ കേന്ദ്രീകരിച്ച് വൈവിധ്യങ്ങളായ ബിസിനസ് സംരംഭങ്ങളെത്തുന്നുണ്ട്. ഫെസിലിറ്റേഷന്‍ പാക്കേജുകള്‍, ഡിജിറ്റല്‍-സ്മാര്‍ട്ട് സേവനങ്ങള്‍, വേഗത്തിലുള്ള ലൈസന്‍സ് നടപടികള്‍, സംരംഭകരെ പിന്തുണക്കുന്ന പ്രോല്‍സാഹന പദ്ധതികള്‍ തുടങ്ങിയവ റാസല്‍ഖൈമയിലേക്ക് വന്‍ തോതിലുള്ള നിക്ഷേപം എത്തുന്നതിന് സഹായിക്കുന്നു.
റാസല്‍ഖൈമ സാമ്പത്തിക മുന്നേറ്റം തുടരുന്നതിന്റെ തെളിവാണ് മൂലധനവളര്ച്ചയിലെ വിജയകരമായ പ്രകടനം.എമിറേറ്റിലുടനീളം വ്യാപിക്കുന്ന നിക്ഷേപ അവസരങ്ങളും സാമ്പത്തിക സുസ്ഥിരത പ്രകടമാക്കുന്നു.









































