അജ്മാൻ: അജ്മാൻ പൊലീസ് ജനറൽ ആസ്ഥാനത്തെ കറക്ഷണൽ ആൻഡ് റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂഷന് ഇത്തിഹാദ് ചാരിറ്റി അസോസിയേഷൻ 180,000 ദിർഹം സംഭാവന നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തടവുകാരെ സഹായിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായാണ് ഈ മാനുഷിക സംരംഭം ലക്ഷ്യമിടുന്നത്.
ജീവിത നിലവാര വകുപ്പ് ഡയറക്ടർ അഹമ്മദ് അബ്ദുല്ല ബിൻ മാലിക്കും കറക്ഷണൽ ആൻഡ് റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്‌ലി എന്നിവരുടെ സാന്നിധ്യത്തിൽ ഇത്തിഹാദ് ചാരിറ്റി അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ നാസർ അലി അൽ ജുനൈബി സംഭാവന കൈമാറി.
സർക്കാർ സ്ഥാപനങ്ങളും ചാരിറ്റബിൾ സംഘടനകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഈ സംരംഭം സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത തടവുകാർക്ക് യാത്രാ ടിക്കറ്റുകൾ നൽകുന്നതും ഈ സഹായത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
ഈ സഹായം തടവുകാരുടെ നാട്ടിലേക്കുള്ള മടക്ക നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യും. ഇത്തിഹാദ് ചാരിറ്റി അസോസിയേഷൻ കൈകൊണ്ട ഈ മാനുഷിക ഇടപെടലിന് കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്‌ലി നന്ദി രേഖപ്പെടുത്തി.










































