തിരുവനന്തപുരം: വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗത്തിന്റെ സൂചനകൾ ശക്തമാകുന്നു. ലീഡ് നിലകൾ വ്യക്തമാകുന്നതിനൊപ്പം യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആഘോഷങ്ങൾക്കും തുടക്കമായി. തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ തന്നെ പ്രവർത്തകർ നേരത്തെ തന്നെ ആവേശത്തോടെ കൂട്ടംകൂടി ആഘോഷങ്ങൾ ആരംഭിച്ചു.
പോസ്റ്റൽ വോട്ടുകളിൽ യു.ഡി.എഫും എൽ.ഡി.എഫും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചിരുന്നെങ്കിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിച്ചതോടെ യു.ഡി.എഫ് വ്യക്തമായ മുന്നേറ്റം നേടി. വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ 90 സീറ്റുകൾ കടന്ന ലീഡാണ് യു.ഡി.എഫ് സ്വന്തമാക്കിയതെന്നാണ് ലഭ്യമായ കണക്ക്.
മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ പിന്നിലാണെന്ന വാർത്തയും യു.ഡി.എഫ് പ്രവർത്തകരുടെ ആവേശം വർധിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഇന്ദിരാ ഭവനിൽ എത്തി വോട്ടെണ്ണൽ പുരോഗതി നിരീക്ഷിക്കുകയാണ്.
ഇതിനൊപ്പം മന്ത്രിമാർ പലരും പിന്നിലാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ആർ. ബിന്ദു, പി. രാജീവ്, കെ.ബി. ഗണേഷ് കുമാർ, ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ തുടങ്ങിയ മന്ത്രിമാർ വിവിധ മണ്ഡലങ്ങളിൽ ലീഡ് നഷ്ടപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആദ്യഘട്ട ഫലസൂചനകൾ യു.ഡി.എഫ് തരംഗം ശക്തമാണെന്ന വിലയിരുത്തലുകൾക്ക് വഴിവെക്കുമ്പോഴും, തുടർ റൗണ്ടുകളിലെ വോട്ടെണ്ണലുകൾ കൂടി പൂർത്തിയായാൽ മാത്രമേ അന്തിമ ചിത്രം വ്യക്തമാകുകയുള്ളൂ.















































