പുതുച്ചേരി: നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പുതുച്ചേരിയിൽ രാഷ്ട്രീയ ചിത്രം കൂടുതൽ ആവേശകരമാകുന്നു. തുടക്കത്തിൽ വ്യക്തമായ മേൽക്കൈ നേടിയിരുന്ന എൻ.ഡി.എയെ വെല്ലുവിളിച്ച് കോൺഗ്രസ് ശക്തമായ തിരിച്ചുവരവാണ് കാഴ്ചവെക്കുന്നത്.
വോട്ടെണ്ണൽ മൂന്നര മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസ് 11 സീറ്റുകളിൽ ലീഡ് നേടി മുന്നേറുകയാണ്. തുടക്കത്തിൽ 17 സീറ്റുകളിൽ ലീഡ് നേടിയിരുന്ന എൻ.ഡി.എയുടെ മുന്നേറ്റം ഇപ്പോൾ 15 സീറ്റുകളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. എൻ. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എൻ.ആർ. കോൺഗ്രസ് പാർട്ടിയാണ് എൻ.ഡി.എയെ നയിക്കുന്നത്.
മൂന്ന് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും മുന്നിലാണ്. ഇതോടെ അധികാര സമവാക്യങ്ങൾ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.
അതേസമയം, ആദ്യമായി തെരഞ്ഞെടുപ്പിൽ ഇറങ്ങിയ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകവും തുടക്കത്തിൽ നാലു സീറ്റുകളിൽ ലീഡ് നേടിയിരുന്നുവെങ്കിലും പിന്നീട് പിന്നോട്ട് പോകുന്ന പ്രവണതയാണ് കാണുന്നത്.
30 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻ.ആർ. കോൺഗ്രസിന് 16 സീറ്റുകൾ ലഭിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ എൻ.ഡി.എ അധികാരം നിലനിർത്തുമോ, അതോ കോൺഗ്രസ് അട്ടിമറി വിജയം നേടുമോ എന്നത് വ്യക്തമാകാൻ ഇനിയും കാത്തിരിക്കേണ്ടിവരും.
വോട്ടെണ്ണൽ തുടരുന്നതിനാൽ അന്തിമ ചിത്രം അടുത്ത മണിക്കൂറുകളിൽ കൂടുതൽ വ്യക്തമാകും.









































