ഖസാന ഡാറ്റാ സെന്ററിനായുള്ള 128 കിലോമീറ്റർ വൈദ്യുതി പ്രസരണ ശൃംഖലയും ഫുജൈറ പോർട്ട് റെയിൽ കണക്റ്റിവിറ്റിയും സമയബന്ധിതമായി പൂർത്തിയാക്കി പ്രമുഖ നിർമ്മാണ ഗ്രൂപ്പ്.
ദുബായ്, ഒക്ടോബർ 23: തന്ത്രപ്രധാനമായ ദേശീയ പദ്ധതികളിലൂടെ യുഎഇയുടെ അടിസ്ഥാന സൗകര്യ, ഊർജ മേഖലകളിൽ നിർണായക ചുവടുവെപ്പുകളുമായി പ്രമുഖ കരാർ കമ്പനിയായ ആസാ മിഡിൽ ഈസ്റ്റ് കോൺട്രാക്റ്റിങ് കമ്പനി എൽഎൽസി. ഇത്തിഹാദ് റെയിൽ ശൃംഖലയിലെ ഫുജൈറ പോർട്ട് വികസനവും അബുദാബി നാഷണൽ എനർജി കമ്പനിക്ക് (TAQA) കീഴിലുള്ള 128 കിലോമീറ്റർ കേബിൾ സ്ഥാപിക്കൽ പദ്ധതിയും കമ്പനി ഏറ്റെടുത്തു.

രാജ്യത്തെ അതിവേഗം വളരുന്ന ഡിജിറ്റൽ മേഖലയ്ക്ക് ഊർജമേകാൻ ലക്ഷ്യമിട്ട് ഖസാന ഡാറ്റാ സെന്ററിലേക്കുള്ള 33 കെവി വൈദ്യുതി വിതരണ ശൃംഖലയുടെ നിർമ്മാണ കരാറാണ് ആസാ ഗ്രൂപ്പ് കരസ്ഥമാക്കിയത്. ഒമ്പത് മീറ്റർ വീതിയുള്ള പ്രത്യേക ട്രെഞ്ച് ഇടനാഴിയിലൂടെ 128 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഇതിനായുള്ള കേബിളുകൾ സ്ഥാപിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിങ് സേവനങ്ങൾ വിപുലീകരിക്കുന്ന യുഎഇയുടെ സാങ്കേതിക അടിത്തറയ്ക്ക് ഈ പദ്ധതി കരുത്താകും.
ഇതോടൊപ്പം, ദേശീയ ചരക്കുനീക്കത്തിൽ നിർണായകമായ ഇത്തിഹാദ് റെയിലിന്റെ ഫുജൈറ തുറമുഖ കണക്റ്റിവിറ്റി വികസനവും ഗ്രൂപ്പ് വിജയകരമായി പൂർത്തിയാക്കി. നിലവിലുള്ള റെയിൽ പാതകളുടെ ശേഷി വർധിപ്പിക്കുന്നതും അധിക ട്രാക്കുകൾ നിർമ്മിക്കുന്നതുമുൾപ്പെടെ അതിവേഗ പദ്ധതിയായിരുന്നു ഇത്. ഒമാൻ ഉൾക്കടലിലേക്ക് നേരിട്ട് പ്രവേശനമൊരുക്കുന്ന ഈ പാത, ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെയുള്ള ചരക്കുനീക്കത്തിന് യുഎഇക്ക് ബദൽ സന്നാഹമൊരുക്കുന്നു. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയതിന് ഇത്തിഹാദ് റെയിലിന്റെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും പ്രശംസ കമ്പനി നേടി.
പശ്ചിമേഷ്യയിലെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഗ്രൂപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളെയോ പദ്ധതി നിർവഹണത്തെയോ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് ആസാ ഗ്രൂപ്പ് സിഇഒ ഫാരിസ് അബൂബക്കർ വ്യക്തമാക്കി. സുസ്ഥിര വികസനത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകിയാണ് നിർമ്മാണങ്ങൾ പുരോഗമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) സംഘടിപ്പിച്ച 26-ാമത് വാട്ടർ, എനർജി, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് എക്സിബിഷനിൽ (WETEX) ആസാ ഗ്രൂപ്പ് തുടർച്ചയായ പതിനേഴാം വർഷവും സാന്നിധ്യമറിയിച്ചു. ദീവ ഉൾപ്പെടെയുള്ള മുൻനിര സർക്കാർ ഏജൻസികളുമായി സഹകരിച്ച് ഒട്ടേറെ സിവിൽ-യൂട്ടിലിറ്റി പദ്ധതികൾ കമ്പനി നിലവിൽ നിർവഹിക്കുന്നുണ്ട്.
ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാലിഹ് ചന്ദനപ്പറമ്പിലിന്റെ നേതൃത്വത്തിൽ യുഎഇയിലും കേരളത്തിലുമായി വിപുലമായ ബിസിനസ് ശൃംഖലയാണ് ഗ്രൂപ്പിനുള്ളത്. സിവിൽ കൺസ്ട്രക്ഷൻ, മെക്കാനിക്കൽ-ഇലക്ട്രിക്കൽ-പ്ലംബിങ് (MEP), സ്റ്റീൽ ഫാബ്രിക്കേഷൻ, ഫെസിലിറ്റി മാനേജ്മെന്റ് തുടങ്ങി വിവിധ മേഖലകളിലായി 1,500-ലധികം പ്രൊജക്ടുകൾ കമ്പനി ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ 7,000-ൽ അധികം ജീവനക്കാരും 500-ലധികം അത്യാധുനിക വാഹന-യന്ത്ര സാമഗ്രികളും 60,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്റ്റീൽ ഫാക്ടറി യാർഡും ആസാ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നു.











