ലക്ഷ്യം പിഴ ഈടാക്കലല്ല, കാൽനടയാത്രക്കാരുടെയും യാത്രികരുടെയും സുരക്ഷയെന്ന് ട്രാഫിക് വിഭാഗം
അബുദാബി : റോഡുകളിൽ അപകടകരമായ രീതിയിൽ ഓടിച്ചതിനും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും അബുദാബിയിൽ ഈ വർഷം പത്തു മാസത്തിനിടെ 9,200-ലധികം ഇലക്ട്രിക് സ്കൂട്ടറുകൾ പൊലീസ് പിടിച്ചെടുത്തു. വാഹനാപകടങ്ങളും പരിക്കുകളും തടയുന്നതിൻ്റെ ഭാഗമായാണ് നടപടി കടുപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഇ-സ്കൂട്ടർ ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കലോ പിഴ ചുമത്തലോ അല്ല തങ്ങളുടെ ലക്ഷ്യമെന്നും, യാത്രക്കാരുടെയും കാൽനടക്കാരുടെയും ജീവൻ സംരക്ഷിക്കുക മാത്രമാണ് പരിശോധനയിലൂടെ ഉദ്ദേശിക്കുന്നതെന്നും അൽ ഐൻ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് വിഭാഗം ഡയറക്ടർ കേണൽ ജാബർ സഈദാൻ അൽ മൻസൂരി അറിയിച്ചു. അബുദാബി റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ലളിതമായ യാത്രാമാർഗ്ഗമെന്ന നിലയിൽ മുതിർന്നവരും കുട്ടികളുമടക്കം നിരവധി ആളുകൾ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് ഉപയോഗിക്കുന്നതിലെ അശ്രദ്ധ റോഡുകളിൽ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂട്ടറുകൾ മറ്റുള്ളവർക്ക് ശല്യമാകാത്ത വിധത്തിൽ സുരക്ഷിതമായി ഓടിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് നിയമപാലകരുടെ ലക്ഷ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
2026-ലെ ആദ്യ പത്ത് മാസങ്ങളിൽ മാത്രം 9,237 ഇ-സ്കൂട്ടറുകളാണ് ഗതാഗത നിയമലംഘനങ്ങളെ തുടർന്ന് പിടിച്ചെടുത്തത്.
വാഹനങ്ങൾ വേഗത്തിൽ ചലിക്കുന്ന പ്രധാന നിരത്തുകളിലൂടെ സ്കൂട്ടർ ഓടിക്കുന്നത് മൂലമുണ്ടാകുന്ന അപകടസാധ്യതയാണ് അധികൃതർ ഏറ്റവും ഗൗരവത്തോടെ കാണുന്നത്. മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗത നിശ്ചയിച്ചിട്ടുള്ള റോഡുകളിലേക്ക് ഇ-സ്കൂട്ടറുകൾ ഇറക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇത്തരം റോഡുകളിൽ കാറുകൾക്കും വലിയ വാഹനങ്ങൾക്കുമിടയിലൂടെ സ്കൂട്ടറുകൾ വെട്ടിച്ചുമാറ്റി ഓടിക്കുന്നത് പലപ്പോഴും മരണകാരണമായേക്കാവുന്ന അപകടങ്ങൾക്ക് വഴിവെക്കുന്നു.
കാൽനടയാത്രക്കാർക്കായി നീക്കിവെച്ച നടപ്പാതകളിലൂടെ അമിതവേഗതയിൽ സഞ്ചരിക്കുന്നതും കാൽനടക്കാർക്ക് മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നതും പതിവായതോടെയാണ് പട്രോളിംഗ് സംഘം പരിശോധന ശക്തമാക്കിയത്. ഇതിന് പുറമെ ഹെൽമറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതിരിക്കുക, രാത്രികാലങ്ങളിൽ മുന്നിലും പിന്നിലും വെളിച്ചമില്ലാതെ യാത്ര ചെയ്യുക, ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന സ്കൂട്ടറിൽ ഒന്നിലധികം പേർ കയറുക തുടങ്ങിയ പ്രവണതകൾക്കെതിരെയും കർശന നടപടിയുണ്ടാകും.
അബുദാബിയിലെ നിയമപ്രകാരം ഇ-സ്കൂട്ടറുകൾ ഓടിക്കുന്നവർക്ക് കുറഞ്ഞത് 16 വയസ്സ് പ്രായമുണ്ടായിരിക്കണം. റൈഡർമാർ നിർബന്ധമായും ഹെൽമറ്റും സുരക്ഷാ ഗിയറുകളും ധരിക്കണം. പരമാവധി വേഗത മണിക്കൂറിൽ 20 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത ട്രാക്കുകളിലൂടെയും സുരക്ഷിതമായ അനുബന്ധ റോഡുകളിലൂടെയും മാത്രമേ ഇവ ഓടിക്കാൻ അനുവാദമുള്ളൂ.
നിയമലംഘനങ്ങൾ കണ്ടെത്താൻ ഫീൽഡ് ഇൻസ്പെക്ഷനുകൾ തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. തങ്ങളുടെ കുട്ടികൾ നിശ്ചിത പാതകളിലൂടെ മാത്രമേ സ്കൂട്ടറുകൾ ഓടിക്കുന്നുള്ളൂവെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്നും മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.










