അബൂദബി: യു.എ.ഇ. ആരോഗ്യ-പ്രതിരോധ മന്ത്രാലയം ബലിപെരുന്നാളിനോടനുബന്ധിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ രീതിയിൽ മൃഗബലി നടത്തുന്നതിനായി 12 ഇന മുൻകരുതൽ നിർദേശങ്ങൾ പുറത്തിറക്കി. അശാസ്ത്രീയമായ കശാപ്പ് രീതികൾ വഴി പകർച്ചവ്യാധികളും അപകടകരമായ ബാക്ടീരിയകളും പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
രോഗബാധകളില്ലാത്ത മൃഗങ്ങളെ ഉറപ്പാക്കുന്നതിനായി സർക്കാർ ലൈസൻസുള്ള വിപണികളിൽ നിന്ന് മാത്രം ബലിമൃഗങ്ങളെ വാങ്ങണമെന്ന് മന്ത്രാലയം നിർദേശിച്ചു. വീടുകളിലോ ഫാമുകളിലോ നടത്തുന്ന അനധികൃത കശാപ്പുകൾ പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി. സർക്കാർ അംഗീകൃത അറവുശാലകൾ മാത്രം ഉപയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
മൃഗചന്തകൾ സന്ദർശിക്കുമ്പോഴും മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോഴും മാസ്‌ക്, കൈയുറ, സുരക്ഷാ കണ്ണട എന്നിവ നിർബന്ധമായും ധരിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ശരീരത്തിൽ മുറിവുകളുള്ളവർ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
കശാപ്പിന് ശേഷം മാംസം മുറിക്കാൻ പ്രത്യേക കട്ടിങ് ബോർഡുകൾ ഉപയോഗിക്കണം. ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രതലങ്ങളും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി വൃത്തിയാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. മൃഗാവശിഷ്ടങ്ങൾ കവറുകളിലാക്കി സുരക്ഷിതമായി നിർമാർജനം ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.
ഹാനികരമായ ബാക്ടീരിയകൾ നശിക്കുന്ന തരത്തിൽ മാംസം നന്നായി വേവിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. മൃഗങ്ങളെയോ പച്ചമാംസമോ കൈകാര്യം ചെയ്തതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ കടുത്ത പനി, അസാധാരണമായ രക്തസ്രാവം, കടുത്ത ക്ഷീണം, പേശിവേദന, ഓക്കാനം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും നിർദേശമുണ്ട്.
ചികിത്സ തേടുമ്പോൾ മൃഗങ്ങളുമായി സമ്പർക്കമുണ്ടായിരുന്ന വിവരം ഡോക്ടറെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.













































