ഭൂമി അനുമതി നടപടികൾ 21 ദിവസത്തിൽ നിന്ന് മൂന്ന് ദിവസമായി ചുരുങ്ങി; ഡ്രോൺ നിരീക്ഷണവും ടെൻഡർ പരിശോധനയും ഇനി എഐ വഴി
അജ്മാൻ —ഭരണനിർവഹണം, നഗരാസൂത്രണം, പൊതുജനാരോഗ്യം എന്നിവ പൂർണ്ണമായും കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ 27 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതികൾ നടപ്പിലാക്കി അജ്മാൻ നഗരസഭാ ആസൂത്രണ വകുപ്പ്.
അജ്മാൻ നഗരസഭാ ആസൂത്രണ വകുപ്പ് ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ വിപുലമായ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്. വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ നുഐമിയും വിവിധ വിഭാഗം മേധാവികളും പങ്കെടുത്തു. അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി പ്രഖ്യാപിച്ച അജ്മാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയങ്ങളുടെ തുടർച്ചയായാണ് ഈ ഡിജിറ്റൽ പരിഷ്കാരങ്ങൾ.
നഗരവികസന രംഗത്തും അടിസ്ഥാന സൗകര്യ നിർമ്മാണത്തിലുമാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ വന്നിട്ടുള്ളത്. ആഴ്ചകളും ദിവസങ്ങളും എടുത്തിരുന്ന സാങ്കേതിക പരിശോധനകളും അനുമതികളും മണിക്കൂറുകൾക്കുള്ളിൽ ലഭ്യമാക്കാൻ പുതിയ സംവിധാനങ്ങൾ വഴി സാധിക്കുന്നു.
എസ്റി ജിയോ എഐയുമായി (Esri GeoAI) ചേർന്ന് പ്ലാനിങ് ആൻഡ് സർവേ വിഭാഗം നടപ്പിലാക്കിയ ‘അർബൻ ഇന്റലിജൻസ് ലെൻസ്’ വഴി നഗരാസൂത്രണ അനുമതികൾ നൽകാനുള്ള സമയം 21 ദിവസത്തിൽ നിന്ന് വെറും മൂന്ന് ദിവസമായി ചുരുങ്ങി. ടെസ്റ്റ്ഫിറ്റുമായി (TestFit) സഹകരിച്ചുള്ള ‘സ്മാർട്ട് ലാൻഡ് പ്ലാനിങ്’ പദ്ധതി വഴി ദിവസങ്ങൾ വേണ്ടിയിരുന്ന ഭൂവിനിയോഗ മാപ്പിങ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാം. ആഴ്ചകൾ നീണ്ടിരുന്ന ഭൗമപഠനങ്ങൾ നാല് ദിവസത്തിനകം പൂർത്തിയാക്കാൻ കാർട്ടോ (Carto), ടെറാലാബ് സാങ്കേതികവിദ്യകൾക്ക് സാധിക്കുന്നുണ്ട്. ബെന്റ്ലിയുമായി (Bentley) ചേർന്ന് ആരംഭിച്ച ലാൻഡ് ലെവൽ സർട്ടിഫിക്കറ്റ് പോർട്ടൽ വഴി നിർമ്മാണ അനുമതി രേഖകൾ ഇനി ഉടനടി ലഭ്യമാകും.
പൊതുജനാരോഗ്യ മേഖലയിലും സേവനങ്ങൾ ശാസ്ത്രീയമായി പരിഷ്കരിച്ചു:
- ഏകീകൃത ഭക്ഷ്യ രജിസ്ട്രേഷൻ: ഇറക്കുമതി, കയറ്റുമതി, ആരോഗ്യ അനുമതികൾ എന്നിവ സുഗമമാക്കാൻ ഏഴ് സ്മാർട്ട് സേവനങ്ങൾ അടങ്ങിയ പോർട്ടൽ പ്രവർത്തനക്ഷമമാക്കി.
- റഖീബ് (Raqeeb) പരിശോധനാ സംവിധാനം: വ്യാപാര സ്ഥാപനങ്ങളിലെ നിയമലംഘന സാധ്യതകൾ മുൻകൂട്ടി വിലയിരുത്തി ഇൻസ്പെക്ടർമാരെ കൃത്യമായി നിയോഗിക്കുന്നു.
- ഡ്രോൺ അധിഷ്ഠിത കീടനിയന്ത്രണം: സ്മാർട്ട് ട്രാപ്പുകളും കമ്പ്യൂട്ടർ വിഷനും ഉപയോഗിച്ച് കൊതുകുകളുടെയും പ്രാണികളുടെയും സാന്ദ്രത മനസ്സിലാക്കി ഡ്രോണുകൾ വഴി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നു.
- ബസീർ (Baseer) ലാബ് അസിസ്റ്റന്റ്: പരിശോധനാ മാനദണ്ഡങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ലാബ് റിപ്പോർട്ടുകൾ പൂർണ്ണമായി ഡിജിറ്റലാക്കാനും ലാബ്‌വാന്റേജ് സിസ്റ്റം ഏർപ്പെടുത്തി.
ധനകാര്യ-ടെൻഡർ നടപടികളിലും എഐ സുതാര്യത കൊണ്ടുവന്നിട്ടുണ്ട്. റെപ്ലിറ്റുമായി (Replit) സഹകരിച്ച് തയ്യാറാക്കിയ എഐ ഇൻവോയ്സ് ഓഡിറ്റർ ബില്ലുകൾ കൃത്യമായി പരിശോധിച്ച് സാമ്പത്തിക ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ‘മൈ ടെൻഡേഴ്സ്’ പ്ലാറ്റ്‌ഫോം വഴി കരാറുകളുടെ രൂപകൽപ്പന മുതൽ അപേക്ഷകരെ തിരഞ്ഞെടുക്കുന്നത് വരെയുള്ള നടപടികൾ സുതാര്യമായി നടക്കും.
റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപണി നിരക്കുകൾ തത്സമയം കണക്കാക്കാൻ ‘ഇന്റലിജന്റ് വാല്യുവേഷൻ’ സംവിധാനവും, സുരക്ഷാ പരിശോധനകൾക്കായി ‘ഹുസ്ൻ’ (Husn) വീഡിയോ അനലിറ്റിക്സ് കാമറകളും സ്ഥാപിച്ചിട്ടുണ്ട്. വാടക തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനും നിയമോപദേശം നൽകാനും കോർ42 സഹകരണത്തോടെ ‘തിബ്യാൻ’ (Tibyan) പ്ലാറ്റ്‌ഫോമും സജ്ജമാക്കി.
കൃത്രിമബുദ്ധി സംവിധാനങ്ങളുടെ സുരക്ഷയും വിവരങ്ങളുടെ കൃത്യതയും ഉറപ്പാക്കാൻ ഐഎസ്ഒ 42001 (ISO 42001) മാനദണ്ഡങ്ങളാണ് നഗരസഭ നടപ്പിലാക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ സേവനങ്ങൾ നൽകാനും സർവീസ് സെന്ററുകളിലെ തിരക്ക് മുൻകൂട്ടി നിയന്ത്രിക്കാനും പ്രവചന ശേഷിയുള്ള അനലിറ്റിക്സ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി.










