146 സംഘടനകളിൽനിന്ന് ഒന്നാമതെത്തിയ എംഎസ്എസിന് മൂന്ന് ലക്ഷം ദിർഹം പാരിതോഷികം; തുടർച്ചയായ രണ്ടാം വർഷമാണ് ദുബായ് ഗവൺമെന്റിന്റെ അംഗീകാരം.
ദുബായ്, യുഎഇ — മൂന്ന് പതിറ്റാണ്ടായി സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുന്ന മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എസ്) ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (സിഡിഎ) ‘ഇത്‌റാ എക്‌സലൻസ് അവാർഡ്’ കരസ്ഥമാക്കി. സിഡിഎയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 146 സാമൂഹിക സംഘടനകളിൽനിന്നാണ് എംഎസ്എസിനെ മികച്ച സംഘടനയായി തിരഞ്ഞെടുത്തത്. പ്രത്യേക എക്‌സലൻസ് വിഭാഗത്തിന്റെ അന്തിമപട്ടികയിലെത്തിയ മൂന്ന് സംഘടനകളിൽ ഒന്നാം സ്ഥാനം നേടിയ എംഎസ്എസിന് മൂന്ന് ലക്ഷം ദിർഹമാണ് പാരിതോഷികം ലഭിച്ചത്. കഴിഞ്ഞ വർഷം സിഡിഎയുടെ ഗോൾഡ് അവാർഡും സംഘടന നേടിയിരുന്നു.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രവർത്തനശേഷിയും സാമൂഹിക സേവനങ്ങളുടെ ഗുണനിലവാരവും ഉയർത്തുകയാണ് സിഡിഎയുടെ ‘ഇത്‌റാ’ പദ്ധതിയുടെ ലക്ഷ്യം. സേവനങ്ങൾ അർഹരായവരിലേക്ക് എത്തുന്ന രീതി, പ്രവർത്തനങ്ങളുടെ സുസ്ഥിരത, സമൂഹത്തിലുണ്ടാക്കുന്ന മാറ്റം എന്നിവ വിലയിരുത്തിയാണ് വിദഗ്ധ സമിതി ജേതാക്കളെ നിർണയിച്ചത്. സംഘടനകളുടെ ഭരണനിർവഹണം, ഓഡിറ്റ് രേഖകൾ, സാമ്പത്തിക കണക്കുകൾ എന്നിവയും സമിതി വിശദമായി പരിശോധിച്ചു.

ദുബായ് എമിറേറ്റ്‌സ് ടവേഴ്‌സിൽ നടന്ന ചടങ്ങിൽ സിഡിഎ ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദിൽനിന്ന് എംഎസ്എസ് ചെയർമാൻ ഫയ്യാസ് അഹമ്മദ്, ജനറൽ സെക്രട്ടറി ഷജിൽ ഷൗക്കത്ത്, വൈസ് ചെയർമാൻ നസീർ അബൂബക്കർ, ട്രഷറർ അബ്ദുൽ മുത്തലിബ്, ജനറൽ കൺവീനർ ഉമ്മർ ടി.വി. എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിൽ മികവ് പുലർത്തിയ മറ്റ് സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും അസോസിയേഷനുകളെയും ചടങ്ങിൽ ആദരിച്ചു.
കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണിതെന്നും സമൂഹത്തിനായി സമയം നീക്കിവെക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് പുരസ്‌കാരം സമർപ്പിക്കുന്നതായും ചെയർമാൻ ഫയ്യാസ് അഹമ്മദ് പറഞ്ഞു. സന്നദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന ദുബായ് ഗവൺമെന്റിനും സിഡിഎയ്ക്കും എംഎസ്എസ് നേതൃത്വം നന്ദി അറിയിച്ചു. സേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സഹായം അർഹരായവരിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കാനും ഇത്തരം അംഗീകാരങ്ങൾ സഹായിക്കുമെന്ന് വൈസ് ചെയർമാൻ നസീർ അബൂബക്കർ അഭിപ്രായപ്പെട്ടു. കൂടുതൽ ഉത്തരവാദിത്വത്തോടെ സേവനങ്ങൾ വിപുലീകരിക്കാൻ പുരസ്‌കാരം പ്രചോദനമാകുമെന്ന് ജനറൽ സെക്രട്ടറി ഷജിൽ ഷൗക്കത്ത് വ്യക്തമാക്കി.
യുഎഇയിലെ വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും സേവനം നൽകുന്ന എംഎസ്എസിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ഏകോപിപ്പിക്കുന്നത്. ശമ്പളമുള്ള ജീവനക്കാരില്ലാതെ 1,140 സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയിലാണ് സംഘടന പ്രവർത്തിക്കുന്നത്. എംഎസ്എസിന്റെ കണക്കുപ്രകാരം കഴിഞ്ഞ രണ്ടു വർഷത്തിനിടെ സന്നദ്ധ പ്രവർത്തകർ 8,181 മണിക്കൂർ സാമൂഹിക സേവനത്തിനായി നീക്കിവെച്ചു. സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പൊതുജനങ്ങളെയും സന്നദ്ധ പ്രവർത്തകരെയും സംഘടന ക്ഷണിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ 65 ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിച്ച എംഎസ്എസ് രക്തദാന ക്യാമ്പുകളിലൂടെ 4,700 യൂണിറ്റ് രക്തം സമാഹരിച്ചു. ആരോഗ്യരംഗത്തെ സേവനത്തിന് 174 നഴ്‌സുമാരെ ആദരിക്കുകയും ചെയ്തു. ക്ഷേമ, വിനോദ പരിപാടികളിൽ 867 തൊഴിലാളികൾ പങ്കെടുത്തപ്പോൾ വനിതാ ശാക്തീകരണ പരിപാടികളിലൂടെ 628 പേർക്ക് പിന്തുണ നൽകി. 64 സ്കൂളുകളിൽനിന്നായി 3,000 വിദ്യാർഥികൾ പങ്കെടുത്ത സ്കൂൾ യൂത്ത് ഫെസ്റ്റിവലും സംഘടന നടത്തി. ഇതേ കാലയളവിൽ റമദാനിൽ തൊഴിലാളികൾക്കും അർഹരായവർക്കുമായി 12 ലക്ഷം ഇഫ്താർ ഭക്ഷണപ്പൊതികളും എംഎസ്എസ് വിതരണം ചെയ്തു.











